ട്വന്റി 20യുടെ എൻഡിഎ പ്രവേശനം സ്വാഭാവികം; സാമുദായിക ചിന്തകൾക്കെതിരെ മുന്നറിയിപ്പുമായി മുല്ലപ്പള്ളി

ട്വന്റി 20 പാർട്ടി എൻഡിഎയിൽ ചേർന്നത് സ്വാഭാവിക പരിണാമം മാത്രമാണെന്ന് കോൺഗ്രസ് നേതാവ് മുല്ലപ്പള്ളി രാമചന്ദ്രൻ അഭിപ്രായപ്പെട്ടു. ട്വന്റി 20 ഒരു വ്യാപാര സ്ഥാപനത്തെപ്പോലെയാണെന്നും, അവർക്കു എൻഡിഎയിൽ ചേരുക മാത്രമേ വഴിയുണ്ടായിരുന്നുള്ളുവെന്നും അദ്ദേഹം വിമർശിച്ചു.

എംപിമാർ എല്ലാവരും നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കണമെന്നത് പ്രായോഗികമല്ലെന്നും, ഇക്കാര്യം സംബന്ധിച്ച അന്തിമ തീരുമാനം എടുക്കേണ്ടത് ഹൈക്കമാൻഡാണെന്നും മുല്ലപ്പള്ളി വ്യക്തമാക്കി. ബേപ്പൂരിൽ യുഡിഎഫ് സ്ഥാനാർഥിയായി അൻവർ പ്രചാരണം നടത്തുമെന്ന് താൻ കരുതുന്നില്ലെന്നും, യുഡിഎഫിനുള്ളിൽ സീറ്റ് പങ്കിടൽ ചർച്ചകൾ പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, എസ്എൻഡിപി നേതൃത്വം കേരളത്തെ ജാതി–മത ചിന്തകളിലേക്ക് കൊണ്ടുപോകരുതെന്നും മുല്ലപ്പള്ളി മുന്നറിയിപ്പ് നൽകി. ശ്രീനാരായണ ഗുരുവിനെപ്പോലുള്ള മഹാന്മാർ നയിച്ച പ്രസ്ഥാനമാണ് എസ്എൻഡിപിയെന്നും, ജാതിമത ചിന്തകൾക്ക് കേരളം ഇതിനകം വലിയ വില നൽകിയിട്ടുണ്ടെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. ഈ യാഥാർത്ഥ്യം എൻഎസ്എസ് നേതൃത്വവും ഓർക്കണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

എൻഎസ്എസ് മഹത്തായ പാരമ്പര്യമുള്ള പ്രസ്ഥാനമാണെന്നും, മന്നത്ത് പത്മനാഭൻ ഉത്തമനായ കോൺഗ്രസ് നേതാവായിരുന്നുവെന്നും മുല്ലപ്പള്ളി പറഞ്ഞു. നവോത്ഥാനത്തിന് നേതൃത്വം നൽകിയ എൻഎസ്എസ് പ്രസ്ഥാനവും ജാതിമത ചിന്തകളിലേക്ക് തിരിച്ചു പോകാൻ പാടില്ലെന്നും, സാമുദായിക നേതാക്കൾ സാമുദായിക ചിന്ത വളർത്തുന്ന പ്രസ്താവനകൾ നടത്തുന്നത് ദൗർഭാഗ്യകരമാണെന്നും അദ്ദേഹം വ്യക്തമാക്കി.

മറുപടി രേഖപ്പെടുത്തുക