കഴിഞ്ഞ ദിവസം കണ്ണൂരിൽ വി. കുഞ്ഞികൃഷ്ണൻ ഉന്നയിച്ച ആരോപണങ്ങൾ വാസ്തവവിരുദ്ധമാണെന്ന് സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ് വ്യക്തമാക്കി. ഇതുസംബന്ധിച്ച് അദ്ദേഹം ഇന്നലെ തന്നെ പ്രസ്താവന പുറത്തിറക്കിയിരുന്നു. വി. കുഞ്ഞികൃഷ്ണനിക്കെതിരെ പാർട്ടി നടപടി കൈക്കൊള്ളുമെന്നും, തെറ്റായ കാര്യങ്ങൾ പാർട്ടിക്കുള്ളിൽ വച്ച് ഒരിക്കലും പൊറുപ്പിക്കില്ലെന്നും കെ.കെ. രാഗേഷ് പറഞ്ഞു. പാർട്ടിക്കുള്ളിൽ വിഷയങ്ങൾ ഉന്നയിക്കാൻ വ്യക്തമായ സംവിധാനങ്ങളും രീതികളും നിലവിലുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഉന്നയിച്ച വിവരങ്ങൾ പിന്നീട് വാർത്തയായി പുറത്തുവന്നതായും, സമയബന്ധിതമായി വരവ്–ചിലവ് കണക്കുകൾ അവതരിപ്പിക്കുന്നതിലെ വീഴ്ച മാത്രമാണ് സംഭവിച്ചതെന്നും അദ്ദേഹം പറഞ്ഞു. വ്യക്തിപരമായി ആരും ധനാപഹരണം നടത്തിയിട്ടില്ലെന്ന കമ്മീഷൻ റിപ്പോർട്ട് ജില്ലാ കമ്മിറ്റി ചർച്ച ചെയ്ത് അംഗീകരിച്ചതാണെന്നും വ്യക്തമാക്കി.
2021-ൽ ഉയർന്ന ആരോപണങ്ങളെ തുടർന്ന് പാർട്ടി ജില്ലാ കമ്മിറ്റി നിയോഗിച്ച കമ്മീഷൻ വിശദമായ പരിശോധന നടത്തിയതായും, അതിന്റെ റിപ്പോർട്ട് ജില്ലാ കമ്മിറ്റി ചർച്ച ചെയ്ത ശേഷം ചില സംഘടനാതല നടപടികൾ പാർട്ടി സ്വീകരിച്ചിട്ടുണ്ടെന്നും കെ.കെ. രാഗേഷ് പ്രസ്താവനയിൽ അറിയിച്ചു.
