കല്യാണം കഴിഞ്ഞാൽ സ്വാഭാവികമായി കുട്ടികൾ ഉണ്ടാകും, അവർ വളർന്നോളും എന്ന ധാരണ തെറ്റാണെന്നും പേരന്റിംഗ് വളരെ ആലോചിച്ച് പ്ലാൻ ചെയ്ത് മാത്രം ചെയ്യേണ്ട ഉത്തരവാദിത്തമാണെന്നും നടി ലെന പറഞ്ഞു. താൻ ചെറുപ്പത്തിലേ കുട്ടികൾ വേണ്ടെന്ന് തീരുമാനിച്ചയാളാണെന്നും അതിന് വ്യക്തമായ കാരണങ്ങളുണ്ടെന്നും ലെന വ്യക്തമാക്കി. തന്റെ പുതിയ ചിത്രം വലതുവശത്തെ കള്ളൻ റിലീസിന് ശേഷമുള്ള പ്രസ് മീറ്റിൽ സംസാരിക്കുകയായിരുന്നു അവർ.
പേരന്റിംഗ് വിഷയമാക്കുന്ന ചിത്രമാണിതെന്നും കുട്ടികൾ ഉണ്ടാകുന്നതിന് മുൻപേ അവരെ എങ്ങനെ വളർത്തും എന്നതിനെക്കുറിച്ച് വ്യക്തമായ പ്ലാൻ വേണമെന്നും ലെന പറഞ്ഞു. “കല്യാണം കഴിഞ്ഞാൽ കുട്ടികൾ ഉണ്ടാകും, അത് എങ്ങനെയെങ്കിലും മുന്നോട്ട് പോകും എന്നൊരു ഡിഫോൾട്ട് മോഡിൽ ചിന്തിക്കുന്നത് തെറ്റാണ്. അതിന്റെ ഉത്തരവാദിത്തം രക്ഷിതാക്കൾ ഗൗരവത്തോടെ ഏറ്റെടുക്കണം,” എന്നും അവർ പറഞ്ഞു.
വളരെ ചെറിയ പ്രായത്തിൽ തന്നെ കുട്ടികൾ വേണ്ടെന്ന് തീരുമാനിച്ചതിന്റെ കാരണവും ലെന വിശദീകരിച്ചു. തനിക്ക് നല്ലൊരു രക്ഷിതാവാകാൻ കഴിയുമോയെന്ന സംശയം ഉള്ളിൽ ഉണ്ടായിരുന്നു. ആദ്യം താൻ കൂടുതൽ പക്വതയുള്ള ഒരാളാവണമെന്ന് കരുതിയിരുന്നുവെന്നും സ്വന്തം വളർച്ചാനുഭവങ്ങൾ തന്നെ ഈ തീരുമാനത്തിലേക്ക് നയിച്ചതായും അവർ പറഞ്ഞു.
സ്വാതന്ത്ര്യത്തിനായി ചെറുപ്പത്തിൽ തന്നെ ഏറെ പോരാടിയ കുട്ടിയായിരുന്നു താനെന്നും, എല്ലാം തനിയെ ചെയ്യട്ടെ എന്ന നിലപാട് രക്ഷിതാക്കൾ സ്വീകരിച്ചതാണ് പിന്നീട് പരാതിയായി മാറിയതെന്നും ലെന തുറന്നു പറഞ്ഞു. “എന്നെ കൂടുതൽ കെയർ ചെയ്യാമായിരുന്നു എന്ന തോന്നൽ പിന്നീട് ഉണ്ടായി. കുട്ടികളുടെ മനസിലെ ഈ വികാരങ്ങൾ കാലക്രമേണ മാറിക്കൊണ്ടേയിരിക്കും,” എന്നും അവർ കൂട്ടിച്ചേർത്തു.
കരിയറിനും വ്യക്തിപരമായ ജീവിതത്തിനുമിടയിൽ തിരഞ്ഞെടുപ്പ് എന്ന ചോദ്യം താൻ ആലോചിച്ചിരുന്നുവെന്നും, രണ്ട് രക്ഷിതാക്കളും കരിയറിന് പിന്നാലെ പോയാൽ കുട്ടികളെ നോക്കാൻ ആരുണ്ടാകും എന്നതും ഗൗരവമുള്ള വിഷയമാണെന്നും ലെന പറഞ്ഞു. പേരന്റിംഗ് എന്നത് ഏറെ ചിന്തിച്ചെടുത്ത തീരുമാനമായിരിക്കണം എന്നാണ് തന്റെ നിലപാടെന്നും അവർ വ്യക്തമാക്കി.
അതേസമയം, ഇന്നത്തെ തലമുറ വളരെ പക്വതയുള്ളവരാണെന്നും കൂടുതൽ കരുതലോടെ വളരുന്ന തലമുറയാണെന്നും പറഞ്ഞാണ് ലെന സംസാരം അവസാനിപ്പിച്ചത്.
