ട്രിവാന്‍ഡ്രം ക്ലബ് അപകടം: മണിയന്‍പിളള രാജുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി, വാഹനം ഇതുവരെ കണ്ടെത്താനായില്ല

ട്രിവാന്‍ഡ്രം ക്ലബിന് സമീപം നടന്ന വാഹനാപകടവുമായി ബന്ധപ്പെട്ട് നടന്‍ മണിയന്‍പിളള രാജുവിന്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. വൈദ്യപരിശോധനയ്ക്ക് ശേഷം അദ്ദേഹത്തെ വീണ്ടും സ്റ്റേഷനിലെത്തിക്കും. തുടര്‍ന്ന് അപകടത്തില്‍പ്പെട്ട വാഹനം കണ്ടെത്താനുള്ള നടപടികളിലേക്ക് കടക്കുമെന്ന് പൊലീസ് അറിയിച്ചു.

ബൈക്ക് തന്റെ വാഹനത്തില്‍ വന്ന് ഇടിക്കുകയായിരുന്നുവെന്നും ഭയപ്പെട്ടതിനാലാണ് നിര്‍ത്താതെ പോയതെന്നും മണിയന്‍പിളള രാജു പൊലീസിനോട് പറഞ്ഞു. വൈദ്യപരിശോധന കഴിഞ്ഞ് കൂടുതല്‍ കാര്യങ്ങള്‍ പറയാമെന്നും അദ്ദേഹം അറിയിച്ചു.

അതേസമയം, സംഭവത്തില്‍ പൊലീസിന്റെ ഭാഗത്ത് ഗുരുതര വീഴ്ച ഉണ്ടായെന്ന ആരോപണം ശക്തമാണ്. ദൃക്‌സാക്ഷി മൊഴികള്‍ പുറത്തുവന്നിട്ടും പ്രതിയെ ഉടന്‍ പിടികൂടിയില്ലെന്നും നടന് പൊലീസ് പ്രത്യേക സഹായം നല്‍കിയെന്നുമാണ് ആരോപണം. അപകടം ഉണ്ടാക്കിയ കാറിനെ ഇതുവരെ കണ്ടെത്താനായിട്ടില്ല.

മണിയന്‍പിളള രാജു അല്‍പസമയം മുമ്പ് തിരുവനന്തപുരം മ്യൂസിയം പൊലീസ് സ്റ്റേഷനില്‍ ഹാജരായി. അപകടം നടന്ന ഉടന്‍ ആംബുലന്‍സ് എത്തിക്കാന്‍ സുഹൃത്തുക്കളോട് ആവശ്യപ്പെട്ടിരുന്നുവെന്നും വാഹനം സ്റ്റേഷനില്‍ ഹാജരാക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

ഇന്നലെ രാത്രിയായിരുന്നു അപകടം. അമിതവേഗത്തില്‍ എത്തിയ വോള്‍വോ കാര്‍ ഇടിച്ചാണ് ബൈക്ക് യാത്രികരായ ശ്രീകണ്ഠേശ്വരം സ്വദേശികളായ നിദേവ്, സൂരജ് എന്നിവര്‍ക്ക് പരിക്കേറ്റത്. ഇടിയുടെ ആഘാതത്തില്‍ ബൈക്ക് കാറിനുള്ളിലായി കുടുങ്ങിയതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു. സൂരജിനെ എസ്പി ഫോര്‍ട്ട് ആശുപത്രിയിലും നിദേവിനെ കിംസ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. സൂരജിന് തുടയെല്ലിന് പൊട്ടലും നിദേവിന് കാലിന് ഒടിവുമുണ്ടെന്നാണ് വിവരം. അപകടത്തില്‍പ്പെട്ട ബൈക്ക് ഫയര്‍ഫോഴ്‌സ് എത്തി റോഡരികിലേക്ക് മാറ്റി.

മറുപടി രേഖപ്പെടുത്തുക