അതിവേഗ റെയിൽ പദ്ധതിയുമായി ആരാണ് മുന്നോട്ടുവന്നതെന്നത് പ്രശ്നമല്ലെന്നും, പദ്ധതി വേഗത്തിൽ നടപ്പാക്കപ്പെടണമെന്നതാണ് സർക്കാരിന്റെ പ്രധാന താൽപ്പര്യമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. അതിവേഗ റെയിലിന്റെ കാര്യത്തിൽ തങ്ങൾക്ക് വിചിത്രമായ അനുഭവമാണ് ഉണ്ടായതെന്നും, കെ-റെയിലിന് കേന്ദ്രസർക്കാരിൽ നിന്നുള്ള തടസ്സം ഇത്രയധികം പ്രതീക്ഷിച്ചിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കേരളത്തിൽ ഒരു പദ്ധതിയും വരരുതെന്ന നിലപാടാണ് ചിലർ സ്വീകരിക്കുന്നതെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. യുഡിഎഫും ബിജെപിയും ഒരേ നിലപാടിലാണ്; കേരളം മുന്നോട്ടുപോകരുതെന്നാണ് ഇരുകൂട്ടരുടെയും സമീപനം. നാടിന്റെ വികസനം മറന്നുള്ള കേന്ദ്രസർക്കാരിന്റെ നിലപാടാണ് ഇതിലൂടെ പ്രകടമാകുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഈ ഘട്ടത്തിലാണ് ഇ. ശ്രീധരൻ പുതിയൊരു പദ്ധതിയുമായി രംഗത്തെത്തിയതെന്ന് മുഖ്യമന്ത്രി പറഞ്ഞു. പദ്ധതി ആരാണ് അവതരിപ്പിച്ചതെന്നത് സർക്കാരിന് പ്രശ്നമല്ല, അതിവേഗം മുന്നോട്ടുപോകണമെന്നതാണ് ലക്ഷ്യമെന്നും അദ്ദേഹം ആവർത്തിച്ചു. ഇ. ശ്രീധരൻ തന്റെ പദ്ധതി കേന്ദ്രസർക്കാരിനെ അറിയിച്ചുവെന്ന അവകാശവാദം ഉന്നയിച്ചിരുന്നുവെങ്കിലും, താനും കെ.വി. തോമസും കേന്ദ്രമന്ത്രിയെ സന്ദർശിച്ചപ്പോൾ അദ്ദേഹം പുതിയ കാര്യം കേൾക്കുന്ന പോലെ പ്രതികരിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.
റെയിൽവേ മന്ത്രിക്ക് അത്തരമൊരു പദ്ധതിയെക്കുറിച്ച് വ്യക്തമായ ധാരണയില്ലായിരുന്നുവെന്നും, എന്നാൽ ശ്രീധരൻ തന്റെ പദ്ധതിക്ക് അനുമതി ലഭിച്ചുവെന്ന അവകാശവാദം തുടരുകയായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. അദ്ദേഹം ഒരു ഓഫീസ് ആരംഭിച്ചതായും, മുൻപ് മുഖ്യമന്ത്രി ആകുമെന്ന് പറഞ്ഞ കാര്യവും ഓർമ്മിപ്പിച്ചും പിണറായി വിജയൻ പ്രതികരിച്ചു.
രാജ്യത്ത് ഏഴ് അതിവേഗ റെയിൽ പദ്ധതികൾ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും, നിരന്തരം ആവശ്യപ്പെട്ടിട്ടും കേരളം ആ പട്ടികയിൽ ഉൾപ്പെട്ടില്ലെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. കേരളത്തിന് എന്താണ് കുറവെന്ന് അദ്ദേഹം ചോദിച്ചു. കേരളത്തിന്റെ മതേതരത്വം തകർക്കാൻ നാളുകളായി വർഗീയവാദികൾ ശ്രമിച്ചുവരികയാണെന്നും, അത് വിജയിക്കാതിരുന്നതിന്റെ പ്രതികാരമാണ് കേന്ദ്രസർക്കാരിന്റെ അവഗണനയെന്നും അദ്ദേഹം ആരോപിച്ചു.
ശബരി റെയിൽ പദ്ധതിയുടെ പ്രാധാന്യം മനസിലാക്കി സംസ്ഥാന സർക്കാർ പകുതി ചെലവ് വഹിക്കാമെന്ന് ഓഫർ നൽകിയിരുന്നുവെന്നും, എന്നാൽ അതിന് ശേഷവും ആവശ്യമായ നടപടികൾ കേന്ദ്രം സ്വീകരിച്ചില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ശബരി റെയിൽ പദ്ധതി പൂർത്തിയാക്കുക എന്നതാണ് സംസ്ഥാനത്തിന്റെ ലക്ഷ്യം. ഭൂമി ഏറ്റെടുക്കലടക്കം എല്ലാ ചെലവും വഹിക്കാൻ സംസ്ഥാനം തയ്യാറാണെന്ന് ഉറപ്പുനൽകിയിട്ടും, ബജറ്റിൽ ശബരി റെയിലിന് ഇടമില്ലാതിരുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
