കഴിഞ്ഞ നാലര വർഷത്തിനിടെ നേമം മണ്ഡലത്തിന്റെ സമഗ്ര വികസനത്തിനായി 900 കോടി രൂപയുടെ പദ്ധതികൾ നടപ്പിലാക്കിയതായി മന്ത്രി വി ശിവൻകുട്ടി . നേമത്തിൽ നിരവധി അടിസ്ഥാന സൗകര്യ വികസന പ്രവർത്തനങ്ങൾ വിജയകരമായി നടപ്പാക്കിയതായും അദ്ദേഹം പറഞ്ഞു.
ഒരു കാലത്ത് വർഗീയ ശക്തികളുടെ പരീക്ഷണഭൂമിയായി പരിഗണിക്കപ്പെട്ട നേമം ഇന്ന് മതനിരപേക്ഷതയുടെ നാടായി മാറിയതായി മന്ത്രി വ്യക്തമാക്കി. ഈ മതനിരപേക്ഷതയും വികസനവും തുടർന്നും ശക്തിപ്പെടുത്തേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നേമം മണ്ഡലത്തിന്റെ വികസന പത്രികയും ഇതോടനുബന്ധിച്ച് പുറത്തിറക്കി.
‘കേരള സ്റ്റോറി’ എന്ന സിനിമ ആഹാരത്തിന്റെയും വസ്ത്രത്തിന്റെയും പേരിൽ കേരളത്തിന്റെ മുഖച്ഛായ വികൃതമാക്കുന്നതാണെന്ന് മന്ത്രി വിമർശിച്ചു. ആദ്യ ‘കേരള സ്റ്റോറി’യെ ജനങ്ങൾ തള്ളിയതിന്റെ തെളിവായി അവർ പിണറായി സർക്കാരിനെ വീണ്ടും അധികാരത്തിൽ എത്തിച്ചുവെന്നും, രണ്ടാം ‘കേരള സ്റ്റോറി’ വന്നാലും ജനങ്ങളുടെ നിലപാട് അതേപോലെ തന്നെയായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വികസനമാണ് ‘കേരള സ്റ്റോറി’ക്ക് യഥാർത്ഥ മറുപടിയെന്നും, കേരളത്തിന്റെ മതനിരപേക്ഷത തന്നെയാണ് സംസ്ഥാനത്തിന്റെ ശക്തിയെന്നും മന്ത്രി അഭിപ്രായപ്പെട്ടു. ബിജെപിയുടെ അക്കൗണ്ട് ക്ലോസ് ചെയ്യുന്നതിൽ നേമം സ്വദേശികൾ നിർണായക പങ്കുവഹിച്ചതായും അദ്ദേഹം പറഞ്ഞു. പുതിയ വികസന പാതകൾ സൃഷ്ടിക്കാൻ ജനങ്ങൾ സഹകരിച്ച് മുന്നോട്ട് വരണമെന്നും, രണ്ട് തവണ എം.എൽ.എയായി നൽകിയ സ്നേഹത്തിനും പിന്തുണയ്ക്കും നന്ദി രേഖപ്പെടുത്തുന്നതായും മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു.
