യുഡിഎഫ്–ബിജെപി അന്തർധാര; കേന്ദ്ര ഏജൻസികൾ രാഷ്ട്രീയ ആയുധം: പിണറായി വിജയൻ

യുഡിഎഫും ബിജെപിയും തമ്മിൽ അന്തർധാരയുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആരോപിച്ചു. അതുകൊണ്ടാണ് കേരളത്തിലേക്ക് കേന്ദ്ര ഏജൻസികൾ നിരന്തരം എത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. നെടുമങ്ങാട് വികസനോത്സവത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

രാഷ്ട്രീയ ആരോപണങ്ങൾക്ക് വിശ്വാസ്യത സൃഷ്ടിക്കാൻ യുഡിഎഫും ബിജെപിയും കേന്ദ്ര ഏജൻസികളെ ഉപയോഗിക്കുന്നുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. കേരളത്തിലെ വലതുപക്ഷ മാധ്യമങ്ങൾ എൽഡിഎഫിനെ ലക്ഷ്യമിട്ട് പ്രചരണം ശക്തമാക്കുന്നുവെന്നും, അതിലൂടെ എൽഡിഎഫ് തകരുമെന്ന് അവർ പ്രതീക്ഷിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

നെടുമങ്ങാട് പ്രസവ ശസ്ത്രക്രിയക്കിടെ കുഞ്ഞ് മരിച്ച സംഭവത്തിൽ വീഴ്ച വരുത്തിയവർക്കെതിരെ ഉചിത നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. 2016-ന് മുൻപ് സംസ്ഥാനത്തിന്റെ ആരോഗ്യരംഗം തകർച്ചയുടെ വക്കിലായിരുന്നുവെന്നും, അതിനെ മാറ്റാൻ വാഗ്ദാനങ്ങളുമായി എൽഡിഎഫ് ജനങ്ങളോട് സമീപിച്ചതായും അദ്ദേഹം പറഞ്ഞു.

അധികാരത്തിലെത്തിയശേഷം ആ വാഗ്ദാനങ്ങൾ പാലിച്ചുവെന്നും, താലൂക്ക് ആശുപത്രികളിൽ നിന്ന് മെഡിക്കൽ കോളേജുകൾ വരെ സൂപ്പർ സ്പെഷ്യാലിറ്റി സൗകര്യങ്ങൾ ഒരുക്കിയതായും മുഖ്യമന്ത്രി പറഞ്ഞു. ആരോഗ്യരംഗത്തെ തകർച്ചയിൽ നിന്ന് സംസ്ഥാനത്തെ കരകയറ്റാനായതോടെ ശിശുമരണ നിരക്കിൽ അമേരിക്കയെ പോലും കേരളം മറികടന്നുവെന്നും അദ്ദേഹം അവകാശപ്പെട്ടു.

മറുപടി രേഖപ്പെടുത്തുക