കോൺഗ്രസ് സീറ്റ് നിഷേധിച്ചതുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ പ്രതിക്കൂട്ടിലാക്കാനില്ലെന്ന് സണ്ണി എം. കപിക്കാട് വ്യക്തമാക്കി. കഴിഞ്ഞ ദിവസം രാത്രി സതീശൻ ഫോണിൽ ബന്ധപ്പെട്ടിരുന്നുവെന്നും സംഭവിച്ച കാര്യങ്ങൾ തനിക്കും സതീശനും അറിയാമെന്നും അദ്ദേഹം പറഞ്ഞു. സജീവ പരിഗണനയിലുണ്ടായിരുന്നെങ്കിലും സ്ഥാനാർഥി നിർണയത്തിൽ എത്താനായില്ലെന്നും, അതിന് പിന്നിൽ ആർഎസ്എസ് സമ്മർദമാണെന്നുമാണ് കപിക്കാടിന്റെ ആരോപണം.
അതേസമയം, സണ്ണി എം. കപിക്കാടിന് സീറ്റ് വാഗ്ദാനം ചെയ്തിട്ടില്ലെന്ന് വി.ഡി. സതീശൻ നേരത്തെ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. കപിക്കാട് കോൺഗ്രസിനോട് സീറ്റ് ആവശ്യപ്പെട്ടതാണെന്നും, പ്രവർത്തകരുടെ അഭിപ്രായപ്രകാരം വൈക്കത്ത് കോൺഗ്രസ് തന്നെ മത്സരിക്കാനാണ് തീരുമാനിച്ചതെന്നും അദ്ദേഹം വിശദീകരിച്ചു. മത്സരിക്കാൻ താൽപ്പര്യം കപിക്കാട് അറിയിച്ചതായും, അത് പരിഗണിക്കാമെന്ന് പറഞ്ഞ് പിന്നീട് നേതൃത്വത്തെ അറിയിച്ചതായും സതീശൻ കൂട്ടിച്ചേർത്തു. എന്നാൽ പാർട്ടി പ്രവർത്തകർ തന്നെ മത്സരിക്കട്ടെയെന്നായിരുന്നു അന്തിമ തീരുമാനം എന്നുമാണ് സതീശന്റെ വിശദീകരണം.
സീറ്റ് നൽകാത്തതിൽ കടുത്ത അസന്തോഷം മുൻപ് തന്നെ സണ്ണി എം. കപിക്കാട് പ്രകടിപ്പിച്ചിരുന്നു. പ്രതിപക്ഷ നേതാവ് സീറ്റ് വാഗ്ദാനം ചെയ്തിട്ടും അത് പാലിക്കപ്പെട്ടില്ലെന്നും, സ്ഥാനാർഥിത്വ ചർച്ചകൾ വ്യക്തമായി ഉറപ്പിച്ചതല്ലെന്നുമായിരുന്നു അദ്ദേഹത്തിന്റെ ആരോപണം. പതിനെട്ടോളം സംഘടനകളുടെ സാന്നിധ്യത്തിൽ വൈക്കത്ത് താൻ സ്ഥാനാർഥിയാകുമെന്ന് വി.ഡി. സതീശൻ പ്രഖ്യാപിച്ചതായി ചൂണ്ടിക്കാട്ടിയ കപിക്കാട്, ആ വാഗ്ദാനം എന്തുകൊണ്ട് പാലിക്കപ്പെടാതിരുന്നുവെന്ന് വിശദീകരണം ആവശ്യപ്പെട്ടു.
