കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിലെ ഏറ്റവും മോശം പത്ത് വർഷങ്ങളാണ് ഇപ്പോൾ പിന്നിട്ടതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ സിപിഎമ്മിന്റെ ഏറ്റവും പരാജയപ്പെട്ട മുഖ്യമന്ത്രിയാണെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ആരോപിച്ചു. പിണറായി വിജയന്റെ രാഷ്ട്രീയ പാരമ്പര്യത്തെയും ഭരണരീതികളെയും കടുത്ത ഭാഷയിൽ വിമർശിച്ച അദ്ദേഹം, വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫിനും യുഡിഎഫിനും ജനങ്ങൾ ശക്തമായ തിരിച്ചടി നൽകുമെന്നും പറഞ്ഞു.
പിണറായി വിജയന്റെ കഴിഞ്ഞ ഒരു ദശാബ്ദത്തെ ഭരണത്തെ “നഷ്ടപ്പെട്ട ദശകം” എന്ന നിലയിലാണ് ചരിത്രം രേഖപ്പെടുത്തുകയെന്ന് രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി. വ്യക്തിപരമായ ബന്ധമൊന്നുമില്ലെങ്കിലും, ഒരു മുതിർന്ന നേതാവ് എന്ന നിലയിൽ ബഹുമാനിക്കുന്നുവെന്ന് പറഞ്ഞ അദ്ദേഹം, പിണറായി വിജയന്റെ രാഷ്ട്രീയ ആശയങ്ങളോടോ ഭരണ നേട്ടങ്ങളോടോ തനിക്ക് യാതൊരു ബഹുമാനവുമില്ലെന്നും കൂട്ടിച്ചേർത്തു. കേരളത്തെ പിന്നോട്ടടിക്കുകയും സിപിഎമ്മിനെ ദുർബലപ്പെടുത്തുകയും ചെയ്ത മുഖ്യമന്ത്രിയായി ചരിത്രം പിണറായി വിജയനെ വിലയിരുത്തുമെന്ന് അദ്ദേഹം ആരോപിച്ചു.
ഇ.കെ. നായനാരെയും വി.എസ്. അച്യുതാനന്ദനെയും പോലുള്ള മുൻ സിപിഎം മുഖ്യമന്ത്രിമാരുമായി താരതമ്യം ചെയ്യുമ്പോൾ പിണറായി വിജയൻ വളരെ പിന്നിലാണെന്നും, അദ്ദേഹത്തിന്റെ ഭരണകാലത്ത് കേരളത്തിന്റെ വികസനം മന്ദഗതിയിലായെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. സിപിഎം ആശയധാരയുടെ പരിമിതികൾ ജനങ്ങൾക്ക് മുന്നിൽ തുറന്നുകാട്ടിയത് ഈ ഭരണത്തിന്റെ ഏക ഫലമാണെന്നും അദ്ദേഹം പരിഹസിച്ചു.
