ലെബനനിൽ കന്യകാമറിയത്തിന്റെ പ്രതിമയെ അപമാനിച്ചു; ഇസ്രായേലി സൈനികർക്ക് തടവ് ശിക്ഷ

തെക്കൻ ലെബനനിലെ ക്രിസ്ത്യൻ ഗ്രാമമായ ഡെബെലിൽ കന്യകാമറിയത്തിന്റെ പ്രതിമയെ അപമാനിച്ച സംഭവത്തിൽ രണ്ട് ഇസ്രായേലി സൈനികരെ തടവിന് ശിക്ഷിച്ചതായി ഇസ്രായേൽ പ്രതിരോധ സേന (IDF) അറിയിച്ചു. കഴിഞ്ഞ ആഴ്ച പുറത്തുവന്ന ചിത്രത്തിൽ ഒരു സൈനികൻ പ്രതിമയെ കെട്ടിപ്പിടിച്ച് അതിന്റെ വായിൽ സിഗരറ്റ് വെച്ചതായി കാണപ്പെട്ടു. ഈ ചിത്രം സോഷ്യൽ മീഡിയയിൽ വ്യാപകമായ രോഷത്തിന് ഇടയാക്കുകയും പിന്നാലെ സൈനിക നടപടിക്ക് കാരണമാകുകയും ചെയ്യുകയായിരുന്നു .

സംഭവവുമായി ബന്ധപ്പെട്ട്, പ്രതിമയ്‌ക്കൊപ്പം പോസ് ചെയ്ത സൈനികന് 21 ദിവസവും ചിത്രം പകർത്തിയ മറ്റൊരു സൈനികന് 14 ദിവസവും സൈനിക തടവ് ശിക്ഷ നൽകിയതായി ഐ ഡി എഫ് വക്താവ് അറിയിച്ചു. സംഭവത്തെ “ഗൗരവത്തോടെ കാണുന്നു” എന്നും എല്ലാ മതങ്ങളുടെയും ആരാധനാലയങ്ങളെയും ചിഹ്നങ്ങളെയും സൈന്യം ബഹുമാനിക്കുന്നുവെന്നും വക്താവ് വ്യക്തമാക്കി.

മുന്പ് ഇതേ ഗ്രാമത്തിൽ യേശുക്രിസ്തുവിന്റെ പ്രതിമയ്ക്ക് നേരെ നടന്ന നാശനഷ്ട സംഭവത്തിൽ രണ്ട് സൈനികരെ 30 ദിവസത്തെ തടവിന് ശിക്ഷിക്കുകയും മറ്റ് ചിലരെ ചോദ്യം ചെയ്യലിന് വിളിപ്പിക്കുകയും ചെയ്തിരുന്നു. ഇതിനിടെ തെക്കൻ ലെബനനിൽ സൈനിക പ്രവർത്തനങ്ങൾ തുടരുന്നതിനിടെ ഇസ്രായേൽ–ഹിസ്ബുള്ള സംഘർഷം വീണ്ടും ശക്തമായിരിക്കുകയാണ്. വെടിനിർത്തൽ നിലവിലുണ്ടായിട്ടും അതിർത്തി മേഖലയിൽ ഇടയ്ക്കിടെ ഏറ്റുമുട്ടലുകൾ തുടരുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

മറുപടി രേഖപ്പെടുത്തുക