കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായി വിഡി സതീശനെ തിരഞ്ഞെടുത്ത ഹൈക്കമാൻഡ് തീരുമാനത്തിൽ സന്തോഷവും പൂർണ്ണ പിന്തുണയും രേഖപ്പെടുത്തി മുതിർന്ന കോൺഗ്രസ് നേതാവ് എ കെ ആന്റണി . ഹൈക്കമാൻഡിന്റെ തീരുമാനം താൻ പൂർണ്ണ മനസ്സോടെ സ്വാഗതം ചെയ്യുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി.
അതേസമയം, അധികാരത്തിലെത്തുന്നവരെ ആഘോഷിക്കുകയും പിന്നീട് അതേ നേതാക്കളെ തന്നെ വിമർശിക്കുകയും ചെയ്യുന്ന രാഷ്ട്രീയ പ്രവണതകൾ കേരളത്തിൽ ആവർത്തിക്കരുതെന്ന് ആന്റണി മുന്നറിയിപ്പ് നൽകി. പുതിയ മുഖ്യമന്ത്രിക്ക് ആരംഭ ഘട്ടത്തിൽ തന്നെ അനാവശ്യ സമ്മർദ്ദങ്ങൾ സൃഷ്ടിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി അതീവ ഗുരുതരമാണെന്നും ഖജനാവ് വലിയ പ്രതിസന്ധിയിലാണെന്നും കേരളം നേരിടുന്ന സാഹചര്യം ആന്റണി ചൂണ്ടിക്കാട്ടി. അതിനാൽ, പുതിയ സർക്കാരിൽ നിന്ന് ഉടൻ ജനപ്രിയ പ്രഖ്യാപനങ്ങൾ പ്രതീക്ഷിക്കരുതെന്നും, കയ്പേറിയെങ്കിലും അനിവാര്യമായ തീരുമാനങ്ങൾ സ്വീകരിക്കേണ്ടിവരുമെന്നും ജനങ്ങളോട് അദ്ദേഹം പറഞ്ഞു.
2001-ൽ താൻ മുഖ്യമന്ത്രിയായിരുന്ന കാലത്തെ അനുഭവങ്ങൾ ഓർമ്മിപ്പിച്ച ആന്റണി, തുടക്കത്തിലെ ജനപ്രീതിയും പിന്തുണയും പിന്നീട് നഷ്ടപ്പെടുന്ന രാഷ്ട്രീയ യാഥാർത്ഥ്യവും അനുസ്മരിച്ചു. പുതിയ ഭരണകൂടത്തിന് സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ ആവശ്യമായ സമയവും സഹകരണവും നൽകണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു.
