കരിയറിന്റെ തുടക്കത്തിൽ ഉണ്ടായ ഒരു അഭിമുഖ അനുഭവം തന്നെ ഏറെ നാണക്കേടിലാക്കിയെന്നും അതാണ് സംസാരശൈലി മാറ്റാൻ കാരണമായതെന്നും വെളിപ്പെടുത്തി പ്രശസ്ത നടി നിത്യ മേനോൻ . അടുത്തിടെ നൽകിയ ഒരു അഭിമുഖത്തിലാണ് അവർ പഴയ വിവാദ സംഭവത്തെക്കുറിച്ച് തുറന്നുപറഞ്ഞത്.
കരിയറിന്റെ തുടക്കത്തിൽ ഒരു പത്രപ്രവർത്തകൻ ചോദിച്ച ചോദ്യത്തിന് മറുപടിയായി “ പ്രഭാസ് ആരാണ്?” എന്ന് താൻ പറഞ്ഞത് വലിയ ചർച്ചയായിരുന്നുവെന്ന് നിത്യ മേനോൻ പറഞ്ഞു. ആ സമയത്ത് താൻ വളരെ നിഷ്കളങ്കയായിരുന്നുവെന്നും, ഒരു വാക്ക് മാത്രം പിടിച്ച് ആളുകൾ അത് വലിയ രീതിയിൽ ചർച്ചയാക്കിയതിൽ പിന്നീട് ലജ്ജ തോന്നിയെന്നും അവർ ഓർത്തെടുത്തു.
തന്റെ സത്യസന്ധതയും നിഷ്കളങ്കതയും ചിലർ സ്വന്തം നേട്ടത്തിനായി ഉപയോഗിച്ചതിൽ പിന്നീട് ഖേദം തോന്നിയതായും അവർ പറഞ്ഞു. അതിന് ശേഷം എല്ലാവരോടും അതിവിശ്വാസത്തോടെ സംസാരിക്കുന്നത് ശരിയല്ലെന്നും, വാക്കുകൾ തിരഞ്ഞെടുക്കി സംസാരിക്കേണ്ടത് അനിവാര്യമാണെന്നും താൻ മനസ്സിലാക്കിയതായി അവർ വ്യക്തമാക്കി.
ആ സംഭവത്തിന് പിന്നാലെ ഏകദേശം രണ്ട് വർഷത്തോളം സിനിമകളിൽ നിന്ന് മാറിനിന്ന് സ്വയം മനസ്സിലാക്കാനുള്ള ശ്രമം നടത്തിയതായും നിത്യ പറഞ്ഞു. ഈ കാലയളവിൽ മാനസികമായി തളർത്താൻ ശ്രമിച്ച ചില അനുഭവങ്ങളും ഉണ്ടായിരുന്നുവെന്ന് അവർ സൂചിപ്പിച്ചു. വ്യാജ ചിത്രങ്ങൾ ഉൾപ്പെടെ ഉണ്ടായ സംഭവങ്ങൾ തന്നെ ഏറെ ബാധിച്ചതായും അവർ പറഞ്ഞു.
ഈ അനുഭവങ്ങൾ ജീവിതത്തെയും ആളുകളെക്കുറിച്ചുള്ള തന്റെ വിലയിരുത്തലിനെയും വലിയ രീതിയിൽ മാറ്റിയതായും നിത്യ മേനോൻ കൂട്ടിച്ചേർത്തു. തുടർന്ന് കൂടുതൽ ജാഗ്രതയോടെയും ബുദ്ധിപൂർവ്വമായും സംസാരിക്കാൻ താൻ പഠിച്ചതായും നിത്യ വ്യക്തമാക്കി.
