സതീശൻ മുഖ്യമന്ത്രിയായി; കെസി വേണുഗോപാലിനെ പിന്തുണച്ച ഷാഫി പറമ്പിലിന് നേരെ സൈബർ ആക്രമണം

വിഡി സതീശനെ കേരള മുഖ്യമന്ത്രിയായി കോൺഗ്രസ് ഹൈക്കമാൻഡ് പ്രഖ്യാപിച്ചതിന് പിന്നാലെ ഷാഫി പറമ്പിൽ എംപിക്കെതിരെ സാമൂഹ്യമാധ്യമങ്ങളിൽ രൂക്ഷ വിമർശനവും സൈബർ അറ്റാക്കും നടക്കുന്നു . മുൻപ് കെസി വേണുഗോപാലിനെ പിന്തുണച്ച് നടത്തിയ രാഷ്ട്രീയ നിലപാടുകളാണ് പ്രവർത്തകരുടെ അതൃപ്തിക്ക് കാരണം.

“പാർട്ടിയേക്കാളും ജനവികാരത്തേക്കാളും നേതാക്കൾക്ക് മുൻഗണന നൽകുന്ന സമീപനമാണ് ചിലർ സ്വീകരിച്ചത്” എന്ന തരത്തിലുള്ള വിമർശനങ്ങളാണ് സൈബറിടത്തിൽ ശക്തമായി ഉയരുന്നത്. ജനങ്ങളുടെ രാഷ്ട്രീയ മനോഭാവം തിരിച്ചറിയാൻ കഴിയാത്ത നേതാക്കൾ ഇനിയെങ്കിലും ആത്മപരിശോധന നടത്തണമെന്നും ചില പ്രവർത്തകർ അഭിപ്രായപ്പെട്ടു.

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ചിത്രം പങ്കുവെച്ച് “നമ്മൾ ജയിച്ചു സാർ, അങ്ങയെ ക്രൂശിച്ചവരെ ജനം ശിക്ഷിച്ചു” എന്ന കുറിപ്പോടെയാണ് ഷാഫി പറമ്പിൽ ഫേസ്ബുക്കിൽ പോസ്റ്റ് പങ്കുവെച്ചത്. എന്നാൽ പോസ്റ്റിന് താഴെ വലിയ തോതിൽ വിമർശന കമന്റുകളും പ്രതിഷേധ പ്രതികരണങ്ങളും ഉയർന്നു.

അതേസമയം, ഹൈക്കമാൻഡ് തീരുമാനം പുറത്തുവന്നതിന് പിന്നാലെ വി.ഡി. സതീശന് അഭിവാദ്യങ്ങൾ നേർന്ന് ഷാഫി പറമ്പിൽ ഔദ്യോഗിക പ്രതികരണവും നടത്തി. “കേരളത്തിന്റെ, കോൺഗ്രസിന്റെ, യു.ഡി.എഫിന്റെ മുഖ്യമന്ത്രി വി.ഡി. സതീശന് അഭിവാദ്യങ്ങൾ” എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. കൂടുതൽ വിവാദങ്ങൾക്ക് വഴിയൊരുക്കാതിരിക്കാൻ സൂക്ഷ്മമായ നിലപാടാണ് അദ്ദേഹം സ്വീകരിച്ചതെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.

എന്നിരുന്നാലും മുഖ്യമന്ത്രി തിരഞ്ഞെടുപ്പ് ചർച്ചകൾക്കിടെ കെ.സി. വേണുഗോപാലിന് പിന്തുണ പ്രഖ്യാപിച്ച നിലപാടിൽ പ്രവർത്തകരുടെ ഒരു വിഭാഗത്തിനിടയിൽ ഇപ്പോഴും അതൃപ്തി നിലനിൽക്കുന്നതായാണ് സൂചന.

മറുപടി രേഖപ്പെടുത്തുക