കേരളത്തിൽ കാലവർഷം നേരത്തെയെത്താൻ സാധ്യത; മേയ് മധ്യത്തോടെ ശക്തമായ മഴയ്ക്ക് മുന്നറിയിപ്പ്

സംസ്ഥാനത്ത് ഇത്തവണ തെക്കുപടിഞ്ഞാറൻ കാലവർഷം പതിവിലേതിനെക്കാൾ നേരത്തെ എത്താനുളള അനുകൂല സാഹചര്യങ്ങളാണ് രൂപപ്പെടുന്നത്. സാധാരണ ജൂൺ ഒന്നോടെയാണ് കാലവർഷം കേരളത്തിലെത്താറുള്ളത്. എന്നാൽ ഇത്തവണ മേയ് അവസാന വാരത്തോടെ തന്നെ മഴ സജീവമാകാനാണ് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ് വിലയിരുത്തുന്നു.

ഇതിന് മുന്നോടിയായി ഈ ആഴ്ച അവസാനത്തോടെ അന്തമാൻ-നിക്കോബാർ ദ്വീപുകളിൽ മഴ എത്തുമെന്നാണ് പ്രവചനം. സാധാരണ മേയ് 20ഓടെ എത്താറുള്ള മഴ ഇത്തവണ മേയ് 15നോടടുത്ത് തന്നെ അവിടെ സജീവമാകാനിടയുണ്ടെന്നാണ് സൂചന. കാലവർഷത്തിന് മുന്നോടിയായി മേയ് 14 മുതൽ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ട്. മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റടിക്കാനിടയുണ്ടെന്നാണ് മുന്നറിയിപ്പ്.

വിവിധ ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. മേയ് 14ന് മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ശക്തമായ മഴ പ്രതീക്ഷിക്കുന്നു. തുടർന്നുള്ള ദിവസങ്ങളിൽ പാലക്കാട്, വയനാട്, തൃശ്ശൂർ ജില്ലകളിലും മഴ ശക്തമാകാനാണ് സാധ്യത.

ആദ്യഘട്ട മഴയ്ക്ക് ശേഷം നേരിയ ശമനമുണ്ടാകുമെങ്കിലും മേയ് അവസാനത്തോടെ സംസ്ഥാനത്ത് കാലവർഷം പൂർണമായി സജീവമാകുമെന്നാണ് വിലയിരുത്തൽ.

മറുപടി രേഖപ്പെടുത്തുക