ഹിന്ദു വിശ്വാസങ്ങളോടും പാരമ്പര്യങ്ങളോടും വിദ്വേഷപരമായ സമീപനം സ്വീകരിക്കുന്നു; ഡിഎംകെയ്ക്കും ടിവികെയ്ക്കുമെതിരെ അണ്ണാമലൈ

സനാതന ധർമ്മത്തെച്ചൊല്ലിയുള്ള രാഷ്ട്രീയ വിവാദം തമിഴ്നാട്ടിൽ വീണ്ടും ശക്തമായി. ബിജെപി നേതാവ് കെ അണ്ണാമലൈ ഡിഎംകെയും ടിവികെയുംതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തി. ഇരു പാർട്ടികളും ഹിന്ദു വിശ്വാസങ്ങളോടും പാരമ്പര്യങ്ങളോടും വിദ്വേഷപരമായ സമീപനമാണ് സ്വീകരിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു.

തമിഴ്നാട് നിയമസഭയിൽ ഉദയനിധി സ്റ്റാലിൻ “സനാതനം” സംബന്ധിച്ച തന്റെ വിവാദ പരാമർശങ്ങൾ വീണ്ടും ആവർത്തിച്ചതിന് പിന്നാലെയാണ് അണ്ണാമലൈയുടെ പ്രതികരണം. തുടർന്ന് ടിവികെ എംഎൽഎ വിഎംഎസ് മുസ്തഫ ഉദയനിധിയുടെ പരാമർശങ്ങളെ പിന്തുണച്ചതോടെ വിവാദം കൂടുതൽ രൂക്ഷമായി.

സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്‌സിൽ പങ്കുവെച്ച കുറിപ്പിലാണ് അണ്ണാമലൈ ശക്തമായ വിമർശനം ഉന്നയിച്ചത്. ഡിഎംകെയും ടിവികെയും ഒരേ നാണയത്തിന്റെ രണ്ട് വശങ്ങൾ ആണെന്ന് അദ്ദേഹം ആരോപിച്ചു. തിരഞ്ഞെടുപ്പ് സമയത്ത് ഇരു പാർട്ടികളും തങ്ങളുടെ യഥാർത്ഥ നിലപാടുകൾ മറച്ചുവെച്ചുവെന്നും അധികാരവും വോട്ടും നേടിയശേഷമാണ് സനാതന ധർമ്മത്തിനെതിരായ സമീപനം തുറന്നുകാട്ടിയതെന്നും അദ്ദേഹം പറഞ്ഞു.

“സനാതന ധർമ്മത്തെ ലക്ഷ്യമിടുന്നതാണ് അവരുടെ രാഷ്ട്രീയത്തിന്റെ കേന്ദ്രബിന്ദുവെങ്കിൽ അത് തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ തന്നെ ജനങ്ങളോട് തുറന്ന് പറയേണ്ടിയിരുന്നു,” അണ്ണാമലൈ പ്രതികരിച്ചു. വോട്ടെടുപ്പ് സമയത്ത് മതേതരത്വത്തിന്റെ മറവിൽ നിന്നിരുന്ന പാർട്ടികൾ പിന്നീട് കോടിക്കണക്കിന് ആളുകളുടെ വിശ്വാസത്തെ അപമാനിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

“സനാതന ധർമ്മം ആരുടെയും പഞ്ചിംഗ് ബാഗല്ല. ഹിന്ദു വിശ്വാസങ്ങൾക്കെതിരായ ആവർത്തിച്ചുള്ള ആക്രമണങ്ങൾ ജനങ്ങൾ മൗനമായി നോക്കിനിൽക്കില്ല,” എന്ന മുന്നറിയിപ്പും ബിജെപി നേതാവ് നൽകി. ഇത്തരം പരാമർശങ്ങൾക്ക് ജനങ്ങൾ രാഷ്ട്രീയമായി മറുപടി നൽകുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, കഴിഞ്ഞ രണ്ട് വർഷമായി തമിഴ്നാട്ടിൽ സനാതന ധർമ്മവുമായി ബന്ധപ്പെട്ട പരാമർശങ്ങൾ വലിയ രാഷ്ട്രീയ ചർച്ചകൾക്കും ഏറ്റുമുട്ടലുകൾക്കും കാരണമായിട്ടുണ്ട്. ഡിഎംകെ ഹിന്ദു വികാരങ്ങളെ വ്രണപ്പെടുത്തുന്നുവെന്നാരോപിച്ച് ബിജെപി തുടർച്ചയായി രംഗത്തെത്തിയിരുന്നു.

എന്നാൽ , സനാതന ആചാരങ്ങളുടെ ചില വ്യാഖ്യാനങ്ങളുമായി ബന്ധപ്പെട്ട ജാതി വിവേചനത്തെയും സാമൂഹിക അസമത്വങ്ങളെയും മാത്രമാണ് വിമർശിക്കുന്നതെന്നും വ്യക്തിഗത മതവിശ്വാസങ്ങൾക്കെതിരല്ല തങ്ങളുടെ നിലപാടെന്നും ഡിഎംകെ നേതൃത്വം വ്യക്തമാക്കിയിട്ടുണ്ട്.

മറുപടി രേഖപ്പെടുത്തുക