അന്താരാഷ്ട്ര വിപണിയിലെ മുന്നേറ്റത്തിന് പിന്നാലെ കേരളത്തിലും സ്വർണവിലയിൽ വൻ വർധന. തുടർച്ചയായ രണ്ടാം ദിവസവും ആഗോള വിപണിയിൽ സ്വർണത്തിനും വെള്ളിക്കും വില ഉയർന്നതോടെയാണ് സംസ്ഥാനത്തെ സ്വർണവില കുതിച്ചുയർന്നത്. 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 115 രൂപയും പവന് 920 രൂപയുമാണ് ഇന്ന് വർധിച്ചത്.
ഇതോടെ ഒരു ഗ്രാം സ്വർണത്തിന്റെ വില 11,715 രൂപയായി. ഒരു പവൻ സ്വർണത്തിന് 93,720 രൂപയാണ് ഇന്നത്തെ വില. കേരള ഗോൾഡ് ആൻഡ് സിൽവർ മെർച്ചന്റ്സ് അസോസിയേഷനാണ് പുതിയ നിരക്കുകൾ പുറത്തുവിട്ടത്.
അതേസമയം, സംസ്ഥാനത്ത് വെള്ളിവിലയിൽ മാറ്റമില്ല. ഒരു ഗ്രാം വെള്ളിക്ക് 175 രൂപയും 10 ഗ്രാമിന് 1,750 രൂപയുമാണ് ഇന്നത്തെ വില.
ഹോർമുസ് കടലിടുക്കിലെ സംഘർഷസാധ്യത, റഷ്യ-യുക്രെയ്ൻ യുദ്ധം, പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ തുടങ്ങിയ ആഗോള സാഹചര്യങ്ങളാണ് സ്വർണവിപണിയിൽ ചാഞ്ചാട്ടത്തിന് പ്രധാന കാരണങ്ങളാകുന്നത്. അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങൾ വരും ദിവസങ്ങളിലും ആഭ്യന്തര സ്വർണവിലയെ സ്വാധീനിക്കുമെന്നാണ് വിലയിരുത്തൽ.
