ശബരിമലയിൽ അരവണ വിൽപ്പനയിൽ വൻ ഇടിവ്. കഴിഞ്ഞ വർഷം മണ്ഡലകാലത്ത് ആദ്യ ആറു ദിവസങ്ങളിൽ 18 ലക്ഷം ടിൻ അരവണ വിറ്റപ്പോൾ ഇത്തവണ ഇതേ കാലയളവിൽ വിറ്റത് ഒൻപത് ലക്ഷം ടിൻ മാത്രമാണ്. വിൽപ്പന കുറഞ്ഞതോടെ തിരുവിതാംകൂർ ദേവസ്വം ബോർഡിന് ഇതുവരെ എട്ട് കോടിയിലേറെ രൂപയുടെ വരുമാന നഷ്ടമുണ്ടായതായാണ് റിപ്പോർട്ട്.
കഴിഞ്ഞ വർഷം നവംബർ 20ന് 4.25 ലക്ഷം ടിൻ അരവണ വിറ്റിരുന്നു. എന്നാൽ ഇത്തവണ ഇതേ ദിവസം വിൽപ്പന 2.8 ലക്ഷം ടിന്നായി കുറഞ്ഞു. കഴിഞ്ഞ തീർഥാടനകാലത്ത് ഈ സമയത്തെ ശരാശരി പ്രതിദിന വിൽപ്പന 3.5 ലക്ഷം ടിന്നായിരുന്നു.
നിലവിൽ ദേവസ്വം ബോർഡിന്റെ കൈവശം ഏകദേശം 40 ലക്ഷം ടിൻ അരവണ സ്റ്റോക്കുണ്ടെന്നാണ് വിവരം. കഴിഞ്ഞ വർഷം 47 ലക്ഷം ടിൻ കരുതൽ ശേഖരവുമായാണ് തീർഥാടനകാലം ആരംഭിച്ചതെങ്കിൽ ഇത്തവണ അത് 38 ലക്ഷമായിരുന്നു.
ശബരിമലയിലെത്തുന്ന തീർഥാടകരുടെ എണ്ണത്തിലുണ്ടായ കുറവാണ് അരവണ വിൽപ്പന ഇടിയാൻ പ്രധാന കാരണമെന്നാണ് പ്രാഥമിക വിലയിരുത്തൽ. വിൽപ്പനയിലെ ഇടിവ് ദേവസ്വം ബോർഡിന്റെ വരുമാനത്തെയും ബാധിച്ചിട്ടുണ്ട്.
