നേപ്പാളിന്റെ പുനർനിർമാണത്തിനും ദീർഘകാല വികസനത്തിനുമായി 24,000 കോടി നേപ്പാൾ രൂപയുടെ വികസന സഹായ പാക്കേജ് പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. തിങ്കളാഴ്ച ന്യൂഡൽഹിയിൽ നേപ്പാൾ പ്രധാനമന്ത്രി ബാലേന്ദ്ര ഷായുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് പ്രഖ്യാപനം.
കഴിഞ്ഞ ഓഗസ്റ്റിൽ നേപ്പാളിലുണ്ടായ പ്രളയത്തിൽ ജീവൻ നഷ്ടപ്പെട്ടവർക്ക് മോദി അനുശോചനം രേഖപ്പെടുത്തി. ദുരന്തബാധിത കുടുംബങ്ങളുടെ ജീവിതം സാധാരണ നിലയിലാക്കുക, പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുക, ഭാവിയിൽ ഇത്തരം ദുരന്തങ്ങളെ നേരിടാനുള്ള നേപ്പാളിന്റെ ശേഷി വർധിപ്പിക്കുക എന്നിവയാണ് സഹായപാക്കേജിന്റെ ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യയും നേപ്പാളും അയൽരാജ്യങ്ങൾ മാത്രമല്ലെന്നും ചരിത്രപരവും സാംസ്കാരികവുമായ ബന്ധങ്ങളാൽ ഒന്നിച്ചുനിൽക്കുന്ന രാജ്യങ്ങളാണെന്നും മോദി പറഞ്ഞു. പരസ്പര പുരോഗതിയിൽ പങ്കാളികളായ ഇരു രാജ്യങ്ങളും പ്രതിസന്ധി ഘട്ടങ്ങളിൽ പരസ്പരം പിന്തുണയ്ക്കുന്നവരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബാലേന്ദ്ര ഷായുടെ ആദ്യ ഉഭയകക്ഷി ഇന്ത്യാ സന്ദർശനത്തെ സ്വാഗതം ചെയ്ത മോദി, നേപ്പാളിന്റെ ഭാവിയെക്കുറിച്ചും ഇന്ത്യയുമായുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനെക്കുറിച്ചും അദ്ദേഹത്തിന് വ്യക്തമായ കാഴ്ചപ്പാടുണ്ടെന്നും പറഞ്ഞു.
ഇന്ത്യയും നേപ്പാളും തമ്മിലുള്ള ആത്മീയ ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി സരയൂ-കമല എക്സ്പ്രസ് ട്രെയിൻ സർവീസിനും തുടക്കമിട്ടു. അയോധ്യയിലെത്തുന്ന തീർഥാടകർക്ക് നേപ്പാളിലെ ജനക്പുരിലേക്ക് എളുപ്പത്തിൽ യാത്ര ചെയ്യാൻ പുതിയ സർവീസ് സഹായിക്കുമെന്ന് മോദി വ്യക്തമാക്കി. ശ്രീരാമന്റെയും സീതാദേവിയുടെയും പാരമ്പര്യം ഇരു രാജ്യങ്ങളുടെയും പങ്കിട്ട സംസ്കാരത്തിന്റെയും വിശ്വാസത്തിന്റെയും പ്രതീകമാണെന്നും അദ്ദേഹം പറഞ്ഞു.
