ആഗോള ഊർജ്ജ പ്രതിസന്ധിക്കിടയിലും കേന്ദ്ര സർക്കാരിന്റെ ‘ഇന്ത്യ ഫസ്റ്റ്’ നയവും നയതന്ത്ര ഇടപെടലുകളും രാജ്യത്തെ ഇന്ധന ക്ഷാമത്തിൽ നിന്ന് രക്ഷപ്പെടുത്തിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില കുത്തനെ ഉയർന്നപ്പോഴും രാജ്യത്ത് പെട്രോളിനും ഡീസലിനും ദൗർലഭ്യം ഉണ്ടാകാതിരിക്കാൻ സർക്കാർ ഫലപ്രദമായ നടപടികൾ സ്വീകരിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി.
നാൽപ്പതിലധികം രാജ്യങ്ങളിൽ നിന്ന് തന്ത്രപരമായി ഇന്ധനം ഇറക്കുമതി ചെയ്ത് വിതരണം തടസ്സമില്ലാതെ ഉറപ്പാക്കിയതായി മോദി പറഞ്ഞു. ആഗോള സാഹചര്യങ്ങൾ കണക്കിലെടുത്താൽ എൽപിജി സിലിണ്ടർ വില 2,000 രൂപ വരെ ഉയരാനിടയുണ്ടായിരുന്നെങ്കിലും സർക്കാർ സബ്‌സിഡി നൽകി 950 രൂപയ്ക്ക് ലഭ്യമാക്കിയെന്നും അദ്ദേഹം അവകാശപ്പെട്ടു. ഉജ്ജ്വല യോജന പദ്ധതിയിലൂടെ ദരിദ്ര കുടുംബങ്ങൾക്ക് പാചകവാതകം എത്തിക്കാനായതും വലിയ നേട്ടമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
രാജസ്ഥാനിലെ ബാർമർ റിഫൈനറി പദ്ധതിയുടെ പുരോഗതിയെ അഭിനന്ദിച്ച പ്രധാനമന്ത്രി, പദ്ധതി ആയിരക്കണക്കിന് തൊഴിലവസരങ്ങൾ സൃഷ്ടിച്ചുവെന്നും പറഞ്ഞു. ചടങ്ങിൽ 54,000 യുവാക്കൾക്ക് നിയമന ഉത്തരവുകൾ വിതരണം ചെയ്ത അദ്ദേഹം, ജയ്പൂർ മെട്രോ റെയിൽ പദ്ധതിയുടെ വിപുലീകരണവും പ്രഖ്യാപിച്ചു. ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ പാലിക്കുകയാണ് ബിജെപി സർക്കാരിന്റെ ലക്ഷ്യമെന്നും രാജ്യത്തിന്റെ വികസനത്തിന് ജനങ്ങൾ നൽകുന്ന പിന്തുണയ്ക്ക് നന്ദിയുണ്ടെന്നും മോദി കൂട്ടിച്ചേർത്തു.
