നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമം (യുഎപിഎ) പ്രകാരം പാകിസ്ഥാനിൽ പ്രവർത്തിക്കുന്ന 23 പേരെ കേന്ദ്ര സർക്കാർ തീവ്രവാദികളായി പ്രഖ്യാപിച്ചു. ജെയ്ഷെ മുഹമ്മദ് , ലഷ്കർ-ഇ-തൊയ്ബ എന്നീ ഭീകരസംഘടനകളിലെ പ്രധാന നേതാക്കളും അവരുടെ അനുബന്ധ പ്രവർത്തകരുമാണ് പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്നത്.
കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ വിജ്ഞാപനത്തിൽ, ഭീകരാക്രമണങ്ങൾ ആസൂത്രണം ചെയ്യൽ, തീവ്രവാദികളെ റിക്രൂട്ട് ചെയ്യൽ, ധനസമാഹരണം, ആയുധക്കടത്ത്, അതിർത്തി കടന്നുള്ള നുഴഞ്ഞുകയറ്റം, ഭീകരസംഘടനകൾക്ക് പിന്തുണ നൽകൽ തുടങ്ങിയ പ്രവർത്തനങ്ങളിൽ ഇവർ പങ്കാളികളാണെന്ന് വ്യക്തമാക്കുന്നു.
പട്ടികയിൽ ഉൾപ്പെട്ട 23 പേരിൽ 17 പേർ പാകിസ്ഥാൻ പൗരന്മാരും ആറ് പേർ ഇന്ത്യക്കാരുമാണ്. ഇവരെല്ലാം നിലവിൽ പാകിസ്ഥാനിലും പാക് അധീന കശ്മീരിലും നിന്ന് ഇന്ത്യക്കെതിരായ തീവ്രവാദ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നതായി കേന്ദ്രം ആരോപിക്കുന്നു.
ജെയ്ഷെ മുഹമ്മദ് നേതാക്കളായ മസൂദ് ഇല്യാസ് കാശ്മീരി, മുഹമ്മദ് മുസദ്ദിഖ്, മുഫ്തി മുഹമ്മദ് അസ്ഗർ ഖാൻ, അബ്ദുള്ള ജിഹാദി എന്നിവരും പട്ടികയിലുണ്ട്. തീവ്രവാദ പരിശീലനം, നുഴഞ്ഞുകയറ്റം, ആക്രമണ ആസൂത്രണം എന്നിവയിൽ ഇവർ നിർണായക പങ്കുവഹിച്ചതായും 2022-ലെ സുൻജ്വാൻ ആക്രമണത്തിലും 2016-ലെ നഗ്രോട്ട സൈനിക ക്യാമ്പ് ആക്രമണത്തിലും ബന്ധമുണ്ടെന്നും കേന്ദ്രം ആരോപിച്ചു.
ലഷ്കർ-ഇ-തൊയ്ബയുമായി ബന്ധപ്പെട്ട ഫിർദൗസ് അഹമ്മദ് ഭട്ട്, ഹാരൂൺ റാഷിദ് ഗനായ് എന്നിവരെയും തീവ്രവാദികളായി പ്രഖ്യാപിച്ചിട്ടുണ്ട്. ആയുധ വിതരണം, യുവാക്കളെ ഭീകരപ്രവർത്തനങ്ങളിലേക്ക് ആകർഷിക്കൽ, ആക്രമണങ്ങൾക്ക് ലോജിസ്റ്റിക് പിന്തുണ നൽകൽ തുടങ്ങിയ പ്രവർത്തനങ്ങളിൽ ഇവർ സജീവമായിരുന്നുവെന്നാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ വിലയിരുത്തൽ.
2019-ലെ യുഎപിഎ ഭേദഗതിക്ക് ശേഷം വ്യക്തികളെയും നേരിട്ട് തീവ്രവാദികളായി പ്രഖ്യാപിക്കാനുള്ള അധികാരം കേന്ദ്ര സർക്കാരിന് ലഭിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് പുതിയ നടപടി സ്വീകരിച്ചതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
