താരസംഘടനയായ ‘അമ്മ’യിൽ രൂപപ്പെട്ട പ്രതിസന്ധിയും തുടർന്ന് അഡ്ഹോക്ക് കമ്മിറ്റി രൂപീകരിച്ചതുമായി ബന്ധപ്പെട്ട വിവാദങ്ങളിലും പ്രതികരണവുമായി നടി അൻസിബ ഹസൻ. സാമ്പത്തിക ക്രമക്കേടുകളുടെ ആരോപണങ്ങൾ ഉയർന്നതിനെ തുടർന്നാണ് ശ്വേതാ മേനോൻ ഉൾപ്പെട്ട കമ്മിറ്റിക്ക് സ്ഥാനമൊഴിയേണ്ടി വന്നതെന്നും, അത്തരമൊരു കമ്മിറ്റിയെ എങ്ങനെ തുടർന്നുപോകാൻ അനുവദിക്കാനാകുമെന്നുമാണ് അൻസിബയുടെ ചോദ്യം.
സംഘടനയെ ശക്തിപ്പെടുത്തണമെന്ന ആഗ്രഹത്തോടെയാണ് താൻ ‘അമ്മ’യിൽ സജീവമായതെന്ന് അൻസിബ പറഞ്ഞു. പ്രതിസന്ധി ഘട്ടത്തിൽ വലിയ ചോദ്യചിഹ്നമായി മാറിയ സംഘടനയെ മുന്നോട്ടുകൊണ്ടുപോകാനാണ് അഡ്ഹോക്ക് കമ്മിറ്റി രൂപീകരിച്ചതെന്നും, അവർ കൈക്കൊണ്ട പ്രധാന തീരുമാനങ്ങളിലൊന്ന് അംഗങ്ങളുടെ ക്ഷേമത്തിനായുള്ള ‘സഞ്ജീവിനി’ പദ്ധതി തുടർന്നുകൊണ്ടുപോകുക എന്നതായിരുന്നുവെന്നും അവർ വ്യക്തമാക്കി.
അതേസമയം, തനിക്കെതിരെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയതായി ആരോപിച്ച് നടിമാരായ ലക്ഷ്മി പ്രിയ, ശ്വേതാ മേനോൻ എന്നിവർക്കെതിരെ നിയമനടപടികളുമായി മുന്നോട്ടുപോകുകയാണെന്നും അൻസിബ അറിയിച്ചു. പരാതിയുണ്ടായിട്ടും പൊലീസ് കേസ് രജിസ്റ്റർ ചെയ്യാത്തതിനെ തുടർന്ന് കോടതിയെ സമീപിച്ചിരിക്കുകയാണ്.
നേരത്തെ നടൻ ടിനി ടോമിനെതിരായ പരാതിയിൽ കോടതി ഇടപെട്ട് കേസ് രജിസ്റ്റർ ചെയ്യാൻ നിർദേശിച്ചിരുന്നു. ‘ജിഹാദി’ പരാമർശം തമാശയുടെ ഭാഗമാണെന്ന പൊലീസ് വാദം തള്ളിക്കൊണ്ടായിരുന്നു കോടതി നടപടി. നടി നീന കുറുപ്പിന്റെ മൊഴിയുൾപ്പെടെ ടിനി ടോമിനെതിരെ പ്രഥമദൃഷ്ട്യാ തെളിവുകളുണ്ടെന്ന് കോടതി നിരീക്ഷിച്ചിരുന്നു.
ഈ സാഹചര്യത്തിലാണ് ലക്ഷ്മി പ്രിയക്കും ശ്വേതാ മേനോനും എതിരായ പരാതികളിലും ശക്തമായ നിയമപോരാട്ടം തുടരാനാണ് തീരുമാനിച്ചതെന്ന് അൻസിബ വ്യക്തമാക്കിയത്.
