ദിവ്യ എസ്. അയ്യരുടെ സ്ഥലംമാറ്റം അദാനിയെ സഹായിക്കാൻ; ഗുരുതര ആരോപണവുമായി കെ.കെ. രാഗേഷ്

വിഴിഞ്ഞം തുറമുഖത്തിന്റെ മാനേജിങ് ഡയറക്ടർ സ്ഥാനത്തുനിന്ന് ഐ.എ.എസ് ഉദ്യോഗസ്ഥ ദിവ്യ എസ്. അയ്യരെ അടിയന്തരമായി മാറ്റിയ നടപടി അദാനി ഗ്രൂപ്പിന്റെ താത്പര്യങ്ങൾ സംരക്ഷിക്കാനാണെന്ന ഗുരുതര ആരോപണവുമായി സി.പി.ഐ.എം കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ് രംഗത്ത്.

തുറമുഖ കരാർ വ്യവസ്ഥകളിൽ മാറ്റം വരുത്താനുള്ള അദാനി ഗ്രൂപ്പിന്റെ ശ്രമങ്ങളെ സംസ്ഥാന താത്പര്യം മുൻനിർത്തി തടഞ്ഞ ഉദ്യോഗസ്ഥയായിരുന്നു ദിവ്യ എസ്. അയ്യരെന്ന് രാഗേഷ് ഫേസ്ബുക്ക് കുറിപ്പിൽ ചൂണ്ടിക്കാട്ടി. മുൻപ് ദിവ്യയെ മാറ്റാൻ അദാനി ഗ്രൂപ്പ് ശ്രമിച്ചപ്പോൾ, “തുറമുഖത്തിന്റെ കാര്യങ്ങൾ നിങ്ങൾ നോക്കിയാൽ മതി, ഉദ്യോഗസ്ഥരുടെ കാര്യങ്ങൾ ഞങ്ങൾ നോക്കിക്കൊള്ളാം” എന്ന നിലപാടാണ് അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയൻ സ്വീകരിച്ചതെന്നും അദ്ദേഹം ഓർമിപ്പിച്ചു.

ഭരണമാറ്റത്തിന് പിന്നാലെ ദിവ്യ എസ്. അയ്യരെ സ്ഥാനത്തുനിന്ന് മാറ്റിയ നടപടി ദുരൂഹമാണെന്നും തുറമുഖ മേഖലയുമായി ബന്ധപ്പെട്ട മുൻപരിചയമില്ലാത്ത ഉദ്യോഗസ്ഥനെയാണ് പകരം നിയമിച്ചതെന്നും രാഗേഷ് ആരോപിച്ചു. പുതിയ മുഖ്യമന്ത്രി വി.ഡി. സതീശൻ മംഗലാപുരത്ത് അദാനി ഗ്രൂപ്പ് പ്രതിനിധികളുമായി നടത്തിയ കൂടിക്കാഴ്ചയുടെ പ്രതിഫലനങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നതെന്നും ഇതിന് പിന്നിലെ യഥാർഥ കാരണം സർക്കാർ വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കേരളത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഒരു മുഖ്യമന്ത്രി ധനകാര്യ വകുപ്പിനൊപ്പം തുറമുഖ വകുപ്പും നേരിട്ട് കൈകാര്യം ചെയ്യുന്നതെന്നും രാഗേഷ് വിമർശിച്ചു. വകുപ്പ് ഏറ്റെടുത്തതിന് പിന്നാലെ മുഖ്യമന്ത്രിയുടെ ഓഫീസിലെ സെക്രട്ടറിയെ തന്നെ തുറമുഖ വകുപ്പ് സെക്രട്ടറിയായി നിയമിച്ചതും സംശയങ്ങൾക്ക് ഇടയാക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു.

വിഴിഞ്ഞം തുറമുഖത്തിന്റെ വളർച്ചയ്ക്കായി നിർണായക തീരുമാനങ്ങൾ കൈക്കൊണ്ട ഉദ്യോഗസ്ഥയെ മാറ്റിയതിലൂടെ കോർപ്പറേറ്റ് താത്പര്യങ്ങൾക്ക് വഴങ്ങിക്കൊടുക്കുകയാണ് പുതിയ സർക്കാർ ചെയ്യുന്നതെന്നും കെ.കെ. രാഗേഷ് ആരോപിച്ചു.

മറുപടി രേഖപ്പെടുത്തുക