എൽഡിഎഫ് സർക്കാർ വരുത്തിവെച്ച വൻ തുകയുടെ കുടിശ്ശികകൾ കാരണം ആരോഗ്യവകുപ്പ് കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ: മന്ത്രി കെ. മുരളീധരൻ

സംസ്ഥാന ആരോഗ്യവകുപ്പ് കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുകയാണെന്നും അതിന് പ്രധാന കാരണം മുൻ എൽഡിഎഫ് സർക്കാർ വരുത്തിവെച്ച വൻ തുകയുടെ കുടിശ്ശികകളാണെന്നും ആരോഗ്യ മന്ത്രി കെ. മുരളീധരൻ വ്യക്തമാക്കി. മരുന്ന് വിതരണക്കാരോടും സർജിക്കൽ ഉപകരണങ്ങൾ നൽകിയ കമ്പനികളോടും കോടിക്കണക്കിന് രൂപ കുടിശ്ശികയായി നൽകാനുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

വയനാട് ജില്ലയിലെ വിവിധ സർക്കാർ ആരോഗ്യ സ്ഥാപനങ്ങൾ സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. സാമ്പത്തിക പ്രതിസന്ധി നിലനിൽക്കുന്നുണ്ടെങ്കിലും ജനങ്ങൾക്ക് ലഭിക്കുന്ന ചികിത്സാ സേവനങ്ങളെയും ആരോഗ്യപരിചരണ സൗകര്യങ്ങളെയും ബാധിക്കാതെയാണ് വകുപ്പ് മുന്നോട്ട് പോകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വകുപ്പിന്റെ നിലവിലെ സാമ്പത്തിക ബുദ്ധിമുട്ടുകൾ ധനകാര്യ വകുപ്പിന്റെ ചുമതല വഹിക്കുന്ന മുഖ്യമന്ത്രി വി.ഡി. സതീശന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു. ആരോഗ്യവകുപ്പിന് ആവശ്യമായ ഫണ്ട് അനുവദിക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പുനൽകിയതായും, രണ്ട് ദിവസത്തിനകം വിശദമായ റിപ്പോർട്ട് സമർപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സർക്കാർ ആശുപത്രികളിൽ വാക്സിൻ ക്ഷാമമുണ്ടെന്ന തരത്തിലുള്ള റിപ്പോർട്ടുകൾ ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നും, എവിടെയെങ്കിലും അത്തരം പരാതികൾ ഉയർന്നാൽ ഉടൻ പരിഹാര നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

മറുപടി രേഖപ്പെടുത്തുക