രത്തൻ കേൽക്കറുടെ നിയമനം വിവാദത്തിൽ; തെരഞ്ഞെടുപ്പ് അട്ടിമറിക്ക് പാരിതോഷികമെന്ന് എം.വി. ജയരാജൻ

രത്തൻ കേൽക്കറുടെ നിയമനത്തിനെതിരെ രൂക്ഷ വിമർശനവുമായി സിപിഎം നേതാവ് എം വി ജയരാജൻ രംഗത്തെത്തി. തെരഞ്ഞെടുപ്പ് അട്ടിമറിക്ക് നേതൃത്വം നൽകിയ ഉദ്യോഗസ്ഥന് മുഖ്യമന്ത്രിയുടെ ഓഫീസ് നൽകിയ പാരിതോഷികമാണ് പുതിയ നിയമനമെന്ന് അദ്ദേഹം ആരോപിച്ചു. ബിജെപിയെ തൃപ്തിപ്പെടുത്താൻ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയെ പോലെ രാഷ്ട്രീയ സ്വഭാവമുള്ള നിയമനമാണ് നടത്തിയതെന്നും ജയരാജൻ പറഞ്ഞു.

രാഹുൽ ഗാന്ധിക്ക് കേരളത്തിൽ ഒരു ന്യായവും ബംഗാളിൽ മറ്റൊരു ന്യായവുമാണെന്ന് ആരോപിച്ച ജയരാജൻ, കേരളത്തിൽ രത്തൻ കേൽക്കർ നടത്തിയ പ്രവർത്തനം യുഡിഎഫിനെ അധികാരത്തിലെത്തിക്കാനായിരുന്നുവെന്നും പറഞ്ഞു. അതിനെ ഇപ്പോൾ വിഡി സതീശൻ വെള്ളപൂശുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

അർഹരായ വോട്ടർമാരുടെ പേരുകൾ പട്ടികയിൽ നിന്ന് ഒഴിവാക്കി അനർഹരെ ചേർത്തുവെന്ന ഗുരുതര ആരോപണവും ജയരാജൻ ഉന്നയിച്ചു. എസ്ഐആർ പരിഷ്കരണവുമായി ബന്ധപ്പെട്ട് രത്തൻ കേൽക്കറിനെതിരെ വ്യാപകമായ ആക്ഷേപങ്ങൾ ഉയർന്നിരുന്നുവെന്നും, നിരവധി പരാതികൾ നൽകിയിട്ടും ആപാകതകൾ പരിഹരിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.

ശനിയാഴ്ചകളിൽ വിളിച്ചുചേർത്ത രാഷ്ട്രീയ പാർട്ടി യോഗങ്ങളിൽ ഈ പ്രശ്നങ്ങൾ ഉന്നയിച്ചിരുന്നുവെന്നും, തളിപ്പറമ്പ്, ഉദുമ, നാദാപുരം ഉൾപ്പെടെയുള്ള മണ്ഡലങ്ങളിൽ വ്യാജ വോട്ടർമാരെ ചേർക്കാൻ യുഡിഎഫിന് സൗകര്യമൊരുക്കിയെന്നും ജയരാജൻ ആരോപിച്ചു.

വീടുകളുടെ വിലാസങ്ങൾക്ക് പകരം ഷോപ്പിംഗ് കോംപ്ലക്സുകളുടെയും പണി പൂർത്തിയാകാത്ത മാളുകളുടെയും വിലാസത്തിൽ വരെ വോട്ടർമാരുടെ പേരുകൾ ചേർത്തുവെന്നായിരുന്നു ആരോപണം. ഈ പരാതികൾ പരിഗണിക്കാതെയാണ് രത്തൻ കേൽക്കർ നടപടികൾ മുന്നോട്ടുകൊണ്ടുപോയതെന്നും അദ്ദേഹം പറഞ്ഞു.

മാർച്ച് 20 വരെ പേര് ചേർക്കാനുള്ള അവസരമുണ്ടായിരുന്നെങ്കിലും മാർച്ച് 15ന് അത് റദ്ദാക്കിയതും ഉന്നതതല ഗൂഢാലോചനയുടെ ഭാഗമാണെന്ന് ജയരാജൻ ആരോപിച്ചു. യുഡിഎഫിന് അനുകൂലമായ വ്യാജ വോട്ടർമാരെ ഉൾപ്പെടുത്താനായിരുന്നു ഇതെന്നും അദ്ദേഹം പറഞ്ഞു.

2025-ൽ മാത്രം 14 ലക്ഷം അർഹരായ വോട്ടർമാരെ പട്ടികയിൽ നിന്ന് ഒഴിവാക്കിയതായി ആരോപിച്ച ജയരാജൻ, ഇതിനെതിരെ വി.ഡി. സതീശൻ മൗനം പാലിക്കുന്നതെന്തുകൊണ്ടാണെന്ന് ചോദിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷൻ ബിജെപി സർക്കാരിന്റെ ചട്ടുകമായി പ്രവർത്തിക്കുന്നുവെന്ന് മുമ്പ് ആരോപിച്ചിരുന്നവരാണ് ഇപ്പോൾ നിലപാട് മാറ്റുന്നതെന്നും അദ്ദേഹം വിമർശിച്ചു.

മറുപടി രേഖപ്പെടുത്തുക