മുൻ എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്കെതിരായ ബലാത്സംഗക്കേസിൽ നിർണായക വഴിത്തിരിവായി അതിജീവിത കോടതിയിൽ മൊഴി മാറ്റി. തന്നെ എൽദോസ് പീഡിപ്പിച്ചിട്ടില്ലെന്നാണ് അതിജീവിത നെയ്യാറ്റിൻകര അതിവേഗ പോക്സോ കോടതിയിൽ മൊഴിനൽകിയതായാണ് വിവരം.
കേസിലെ ഒന്നാം സാക്ഷിയായ അതിജീവിതയെ വിസ്തരിക്കുന്നതിനിടെയാണ് എൽദോസിന് അനുകൂലമായ മൊഴി നൽകിയിരിക്കുന്നത്. കേസിലെ മറ്റ് രണ്ട് സാക്ഷികളും കൂറുമാറിയതായും റിപ്പോർട്ടുണ്ട്. മൊഴിമാറ്റത്തിന് പിന്നാലെ അതിജീവിത കോടതിമുറിയിൽ കുഴഞ്ഞുവീണതും ശ്രദ്ധേയമായി. കേസ് നാളെ വീണ്ടും പരിഗണിക്കും.
കോവളം ഉൾപ്പെടെ ആറു കേന്ദ്രങ്ങളിൽ വച്ച് അതിജീവിതയെ പീഡിപ്പിച്ചെന്നാണ് കേസ്. അടിമലത്തുറയിലെ റിസോർട്ടിൽ 2022 ജൂലൈ 4-നായിരുന്നു ആദ്യ സംഭവം നടന്നതെന്ന് കുറ്റപത്രത്തിൽ പറയുന്നു. തുടർന്ന് തൃക്കാക്കരയിലെയും കുന്നത്തുനാട്ടിലെയും വീടുകളിൽ വച്ചും പീഡനം നടന്നുവെന്നുമാണ് ആരോപണം.
കോവളത്ത് വച്ച് യുവതിയെ തള്ളിയിട്ട് കൊല്ലാൻ ശ്രമിച്ചെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് വധശ്രമക്കുറ്റവും ചുമത്തിയത്. യുവതിയുമായി അഞ്ച് വർഷത്തെ പരിചയമുണ്ടായിരുന്നുവെന്നും അന്വേഷണ രേഖകളിൽ വ്യക്തമാക്കുന്നു.
ആദ്യം പരാതി അവഗണിക്കുകയും ഒത്തുതീർപ്പിന് ശ്രമിക്കുകയും ചെയ്തെന്ന ആരോപണത്തെ തുടർന്ന് കോവളം സിഐക്കെതിരെ വകുപ്പുതല അന്വേഷണം പ്രഖ്യാപിച്ചിരുന്നു. കേസ് പിന്നീട് കോവളം പോലീസിൽ നിന്ന് ജില്ലാ ക്രൈംബ്രാഞ്ചിലേക്ക് കൈമാറുകയായിരുന്നു.
2022 സെപ്റ്റംബർ 28-നാണ് പേട്ട സ്വദേശിനിയായ അധ്യാപിക, അന്നത്തെ പെരുമ്പാവൂർ എംഎൽഎയായിരുന്ന എൽദോസ് കുന്നപ്പിള്ളിക്കെതിരെ ശാരീരിക പീഡന പരാതി നൽകിയത്. ജില്ലാ ക്രൈംബ്രാഞ്ചിന് നൽകിയ മൊഴിയിലും യുവതി പീഡനാരോപണത്തിൽ ഉറച്ചുനിന്നതോടെയാണ് ബലാത്സംഗക്കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചത്.
