എ.ഐ.എ.ഡി.എം.കെയിൽ വീണ്ടും പിളർപ്പ്?; മൂന്ന് എം.എൽ.എമാർ രാജിവച്ച് വിജയിയുടെ ടി.വി.കെയിൽ ചേർന്നു

തമിഴ്‌നാട് രാഷ്ട്രീയത്തിൽ പുതിയ ചലനങ്ങൾക്ക് വഴി തെളിച്ച് പ്രതിപക്ഷമായ എ.ഐ.എ.ഡി.എം.കെയിലെ മൂന്ന് എം.എൽ.എമാർ രാജിവച്ചു. മധുരാന്തകം എം.എൽ.എ മരഗതം കുമാർവേൽ, ധാരാപുരം എം.എൽ.എ സത്യഭാമ, പെുന്തുറൈ എം.എൽ.എ ജയകുമാർ എന്നിവർ നിയമസഭാ സ്പീക്കർ ജെ.സി.ഡി പ്രഭാകറിന് രാജിക്കത്ത് സമർപ്പിച്ചതിന് പിന്നാലെ മുഖ്യമന്ത്രി വിജയ് നയിക്കുന്ന ടി.വി.കെ പാർട്ടിയിൽ ചേർന്നു.

മന്ത്രി ആധവ് അർജുനയെ സന്ദർശിച്ച ശേഷമാണ് ഇവർ ഔദ്യോഗികമായി ടി.വി.കെയിൽ അംഗത്വം സ്വീകരിച്ചത്. മുൻ എ.ഐ.എ.ഡി.എം.കെ മന്ത്രിമാരായ സി.വി. ഷൺമുഖം, എസ്.പി. വേലുമണി എന്നിവരുമായി അടുത്ത ബന്ധം പുലർത്തുന്ന നേതാക്കളാണ് രാജിവെച്ച മൂന്ന് പേരും.

അടുത്തിടെ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ 234 മണ്ഡലങ്ങളിൽ മത്സരിച്ച ടി.വി.കെ 108 സീറ്റുകൾ നേടിയിരുന്നു. എന്നാൽ സർക്കാർ രൂപീകരിക്കാൻ ആവശ്യമായ 118 സീറ്റുകളുടെ ഭൂരിപക്ഷം ലഭിക്കാതിരുന്നതിനാൽ കോൺഗ്രസും മറ്റ് ചെറുകക്ഷികളും നൽകിയ പിന്തുണയോടെയാണ് വിജയ് സർക്കാർ അധികാരത്തിലെത്തിയത്.

തിരഞ്ഞെടുപ്പിന് പിന്നാലെ തന്നെ എസ്.പി. വേലുമണി അനുകൂല വിഭാഗത്തിലെ ഏകദേശം 25 എ.ഐ.എ.ഡി.എം.കെ എം.എൽ.എമാർ ടി.വി.കെ സർക്കാരിനെ പിന്തുണയ്ക്കുമെന്ന തരത്തിൽ രാഷ്ട്രീയ വൃത്തങ്ങളിൽ ചർച്ചകൾ സജീവമായിരുന്നു. എന്നാൽ ഇവർ ആരുംതന്നെ മന്ത്രിസഭയിൽ ഇടം നേടാത്തത് ശ്രദ്ധേയമായി.

ഇപ്പോൾ മൂന്ന് എം.എൽ.എമാരുടെ രാജിയോടെ എ.ഐ.എ.ഡി.എം.കെയിൽ കൂടുതൽ നേതാക്കൾ പാർട്ടി വിടാനൊരുങ്ങുന്നുവെന്ന അഭ്യൂഹങ്ങളും ശക്തമായി. ഇതിനുമുമ്പ് മുഖ്യമന്ത്രി വിജയ് തിരുച്ചി ഈസ്റ്റ് മണ്ഡലത്തിലെ എം.എൽ.എ സ്ഥാനത്ത് നിന്ന് രാജിവെച്ചിരുന്നു. പുതിയ രാജികളോടെ സംസ്ഥാനത്ത് ഒഴിവുള്ള നിയമസഭാ മണ്ഡലങ്ങളുടെ എണ്ണം നാലായി ഉയർന്നു.

ഇതോടെ ഉടൻ പ്രഖ്യാപിക്കപ്പെടാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പുകൾ തമിഴ്‌നാട് രാഷ്ട്രീയത്തിൽ നിർണായക വഴിത്തിരിവാകുമെന്ന വിലയിരുത്തലിലാണ് രാഷ്ട്രീയ നിരീക്ഷകർ.

മറുപടി രേഖപ്പെടുത്തുക