വിജയൻ പവർഫുൾ നേതാവ്; പ്രായം കൂടുംതോറും അദ്ദേഹത്തിന്റെ കർമ്മശേഷി വർധിക്കുകയാണ് : ഇ പി ജയരാജൻ

എൽഡിഎഫിന്റെ തിരഞ്ഞെടുപ്പ് പരാജയത്തിന്റെ മുഴുവൻ ഉത്തരവാദിത്തവും മുഖ്യമന്ത്രി പിണറായി വിജയനിൽ മാത്രം ചുമത്താനാകില്ലെന്ന് സിപിഐഎം നേതാവ് ഇ പി ജയരാജൻ പറഞ്ഞു. പിണറായി വിജയൻ പവർഫുൾ നേതാവാണെന്നും പ്രായം കൂടുംതോറും അദ്ദേഹത്തിന്റെ കർമ്മശേഷി വർധിക്കുകയാണെന്നും ഇ പി ജയരാജൻ അഭിപ്രായപ്പെട്ടു.

കെ കെ ശൈലജയെ പേരാവൂരിൽ മത്സരിപ്പിച്ച് തോൽപ്പിച്ചുവെന്ന തരത്തിലുള്ള പ്രചാരണങ്ങൾ തെറ്റാണെന്നും, പാർട്ടിയുടെ ചില മാനദണ്ഡങ്ങൾ അനുസരിച്ചാണ് സ്ഥാനാർഥി നിർണയം നടക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. പാർട്ടിയുടെ തീരുമാനങ്ങൾ അംഗീകരിക്കുകയാണ് താനും കെ കെ ശൈലജയും ചെയ്തതെന്നും ഇ പി ജയരാജൻ കൂട്ടിച്ചേർത്തു.

സിപിഐഎമ്മിനെ നയിക്കുന്നത് കൂട്ടായ നേതൃത്വമാണെന്നും, പിണറായി വിജയന്റെ ജനപിന്തുണ കുറഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. വികസന കാര്യങ്ങളിൽ സിപിഐഎമ്മിന് നാടിന്റെ താൽപര്യമാണ് പ്രധാനമെന്നും ഇ പി ജയരാജൻ വ്യക്തമാക്കി.

ന്യൂനപക്ഷങ്ങൾ സിപിഐഎമ്മിനെ വിട്ടുപോയെന്ന തരത്തിലുള്ള വിലയിരുത്തലുകൾ ശരിയല്ലെന്നും, ആരുടെ വോട്ട് ആർക്കാണ് പോയതെന്ന് കൃത്യമായി പറയാൻ ആർക്കും കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. “നാട്ടിലെ മുഴുവൻ പേരും സഖാക്കളാണെന്ന നിഗമനത്തിൽ എങ്ങനെ എത്താൻ കഴിയും” എന്നും അദ്ദേഹം ചോദിച്ചു.

തളിപ്പറമ്പിൽ മാത്രമല്ല, കേരളം മുഴുവൻ എൽഡിഎഫിന് തിരിച്ചടി ഉണ്ടായെന്നും, എല്ലാ മണ്ഡലങ്ങളിലും വിജയിക്കുമെന്ന പ്രതീക്ഷയായിരുന്നു പാർട്ടിക്കുണ്ടായിരുന്നതെന്നും ഇ പി ജയരാജൻ പറഞ്ഞു. താനെയോ കെ കെ ശൈലജയെയോ പാർട്ടി ഒതുക്കിയിട്ടില്ലെന്നും, പാർട്ടി മാനദണ്ഡങ്ങൾ പ്രകാരമുള്ള തീരുമാനങ്ങൾ അംഗീകരിക്കുക മാത്രമാണ് ചെയ്തതെന്നും അദ്ദേഹം ആവർത്തിച്ചു.

മറുപടി രേഖപ്പെടുത്തുക