ഐപിഎൽ 2026-ൽ കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ മത്സരത്തിനിടെ പെരുമാറ്റച്ചട്ടം ലംഘിച്ചതിന് മുംബൈ ഇന്ത്യൻസ് നായകൻ ഹാർദിക് പാണ്ഡ്യയ്ക്ക് മാച്ച് ഫീയുടെ 10 ശതമാനം പിഴയും ഒരു ഡീമെറിറ്റ് പോയിന്റും ചുമത്തി.
ഐപിഎൽ പെരുമാറ്റച്ചട്ടത്തിലെ ആർട്ടിക്കിൾ 2.2 പ്രകാരമുള്ള ലെവൽ 1 ലംഘനമാണ് ഹാർദിക് നടത്തിയതെന്ന് ഐപിഎൽ പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി. മത്സരത്തിനിടെ ക്രിക്കറ്റ് ഉപകരണങ്ങളുടേയോ ഗ്രൗണ്ട് ഉപകരണങ്ങളുടേയോ ദുരുപയോഗവുമായി ബന്ധപ്പെട്ട കുറ്റമാണ് ചുമത്തപ്പെട്ടിരിക്കുന്നത്.
മത്സരത്തിന്റെ രണ്ടാം ഇന്നിങ്സിലെ 10-ാം ഓവറിന്റെ നാലാം പന്തിന് ശേഷമാണ് സംഭവം നടന്നത്. ബൗളിംഗ് റൺ-അപ്പിലേക്ക് മടങ്ങുന്നതിനിടെ ഹാർദിക് വിക്കറ്റിലെ ബെയിൽസ് ബലമായി തട്ടിയിടുകയായിരുന്നു. സംഭവത്തിൽ ഹാർദിക് കുറ്റം സമ്മതിച്ചതായും, മാച്ച് റഫറി രാജീവ് സേത്ത് വിധിച്ച ശിക്ഷ അംഗീകരിച്ചതായും ഐപിഎൽ അറിയിച്ചു.
അതേസമയം, പ്ലേ ഓഫ് പ്രതീക്ഷകൾ നേരത്തേ അവസാനിച്ച മുംബൈ ഇന്ത്യൻസ് മത്സരത്തിൽ നാല് വിക്കറ്റിന് കെകെആറിനോട് പരാജയപ്പെട്ടു. ആദ്യം ബാറ്റ് ചെയ്ത മുംബൈയെ കെകെആർ ബൗളർമാർ 147/8 എന്ന സ്കോറിൽ ഒതുക്കി. കാമറൂൺ ഗ്രീനും സൗരഭ് ദുബെയും പവർപ്ലേയിൽ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി മുംബൈയെ സമ്മർദത്തിലാക്കി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ കെകെആർ, മനീഷ് പാണ്ഡെയും റോവ്മാൻ പവലും ചേർന്ന നിർണായക കൂട്ടുകെട്ടിന്റെ കരുത്തിൽ ഏഴ് പന്തുകൾ ബാക്കി നിൽക്കെ വിജയലക്ഷ്യം മറികടന്നു. സ്പിന്നിനും സീമിനും അനുകൂലമായ പിച്ചിൽ കെകെആർ മികച്ച പ്രകടനമാണ് പുറത്തെടുത്തത്.
