ടാറ്റ സൺസിന്റെ എക്സിക്യൂട്ടീവ് ചെയർമാനായി എൻ. ചന്ദ്രശേഖരനെ മൂന്നാം തവണയും അഞ്ചുവർഷത്തേക്ക് പുനർനിയമിച്ചതിനെ ചോദ്യം ചെയ്തുള്ള ഹർജിയിൽ ടാറ്റ ട്രസ്റ്റുകൾക്ക് അടിയന്തര ആശ്വാസം നൽകാതെ ബോംബെ ഹൈക്കോടതി. നവംബർ 30-ന് നിശ്ചയിച്ചിട്ടുള്ള ടാറ്റ സൺസ് ഡയറക്ടർ ബോർഡ് യോഗം നടത്താമെന്നും കോടതി വ്യക്തമാക്കി.
ജസ്റ്റിസ് അഭയ് അഹൂജ അധ്യക്ഷനായ ബെഞ്ചാണ് വെള്ളിയാഴ്ച നിർണായക നിരീക്ഷണം നടത്തിയത്. ബോർഡ് യോഗത്തിൽ കൈക്കൊള്ളുന്ന തീരുമാനങ്ങൾ കേസിലെ അന്തിമ വിധിക്ക് വിധേയമായിരിക്കുമെന്നും കോടതി വ്യക്തമാക്കി.
യോഗം മാറ്റിവയ്ക്കുകയോ സ്റ്റേ ചെയ്യുകയോ ചെയ്യണമെന്നായിരുന്നു ടാറ്റ ട്രസ്റ്റുകളുടെ പ്രധാന ആവശ്യം. അതല്ലെങ്കിൽ എക്സിക്യൂട്ടീവ് ചെയർമാനെന്ന നിലയിൽ എൻ. ചന്ദ്രശേഖരൻ തന്റെ കാസ്റ്റിങ് വോട്ട് (നിർണായക വോട്ട്) വിനിയോഗിക്കുന്നത് തടയണമെന്നുമായിരുന്നു ആവശ്യം. എന്നാൽ അടിയന്തരമായി യാതൊരു ആശ്വാസവും നൽകാൻ കോടതി തയ്യാറായില്ല.
‘ഇന്ന് യാതൊരു ആശ്വാസവും അനുവദിക്കുന്നില്ല. നവംബർ 30-ലെ യോഗം നിശ്ചയിച്ച പ്രകാരം നടക്കട്ടെ. യോഗത്തിലെ തീരുമാനങ്ങൾ കോടതിയുടെ അന്തിമ ഉത്തരവിന് വിധേയമായിരിക്കും’ എന്നായിരുന്നു ബെഞ്ചിന്റെ നിരീക്ഷണം.
കേസിൽ എതിർകക്ഷികളായ ടാറ്റ സൺസിനും ഡയറക്ടർ ബോർഡ് അംഗങ്ങൾ ഉൾപ്പെടെയുള്ളവർക്കും മറുപടി സത്യവാങ്മൂലം സമർപ്പിക്കാൻ കോടതി നിർദേശം നൽകി. വ്യാഴാഴ്ച സമർപ്പിച്ച രണ്ട് ഹർജികളിലാണ് മറുപടി നൽകേണ്ടത്. തുടർവാദം 2027 ജനുവരി 18-ലേക്ക് മാറ്റുകയും ചെയ്തു.
മൂന്നാം തവണത്തെ നിയമനത്തിനെതിരെ ടാറ്റ ട്രസ്റ്റുകൾ
സർ ദോറാബ്ജി ടാറ്റ ട്രസ്റ്റ് (SDTT), ആർ.ഡി. ടാറ്റ ട്രസ്റ്റ് (RDTT) എന്നിവയാണ് ചന്ദ്രശേഖരന്റെ പുനർനിയമനത്തെ ചോദ്യം ചെയ്ത് കോടതിയെ സമീപിച്ചത്. ടാറ്റ സൺസിനും ഡയറക്ടർ ബോർഡിലെ ആറു അംഗങ്ങൾക്കുമെതിരെയാണ് ഇരുട്രസ്റ്റുകളും ഹർജി നൽകിയത്.
എസ്ഡിടിടി 50 കോടി രൂപയും ആർഡിടിടി 15 കോടി രൂപയും നഷ്ടപരിഹാരമായി ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിന് പുറമെ പ്രതിവർഷം 18 ശതമാനം പലിശയും ആവശ്യപ്പെട്ടിട്ടുണ്ട്.
സെപ്റ്റംബർ 17-ന് ചേർന്ന ടാറ്റ സൺസ് ഡയറക്ടർ ബോർഡ് യോഗത്തിലാണ് ചന്ദ്രശേഖരനെ മൂന്നാം അഞ്ചുവർഷ കാലാവധിയിലേക്ക് പുനർനിയമിക്കാനുള്ള പ്രമേയം പാസാക്കിയത്. എന്നാൽ കമ്പനിയുടെ ആർട്ടിക്കിൾസ് ഓഫ് അസോസിയേഷനിലെ ആർട്ടിക്കിൾ 121 പ്രകാരം ആവശ്യമായ അനുകൂല വോട്ട് ലഭിക്കാതെയാണ് തീരുമാനമെടുത്തതെന്നും അതിനാൽ പ്രമേയം നിയമപരമായി നിലനിൽക്കില്ലെന്നുമാണ് ട്രസ്റ്റുകളുടെ വാദം.
ആർബിഐ നിർദേശം ചൂണ്ടിക്കാട്ടി ടാറ്റ സൺസ്
നവംബർ 30-ലെ ബോർഡ് യോഗത്തിൽ ഡയറക്ടർമാർക്കിടയിൽ അഭിപ്രായഭിന്നതയുണ്ടായാൽ ചന്ദ്രശേഖരൻ കാസ്റ്റിങ് വോട്ട് ഉപയോഗിക്കുന്നത് തടയണമെന്നായിരുന്നു ട്രസ്റ്റുകളുടെ അടിയന്തര ആവശ്യം. യോഗം മാറ്റിവയ്ക്കണമെന്ന ആവശ്യവും അവർ ഉന്നയിച്ചു.
എന്നാൽ യോഗം നടത്തേണ്ടത് അനിവാര്യമാണെന്ന് ടാറ്റ സൺസിനുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ഹരീഷ് സാൽവെ കോടതിയെ അറിയിച്ചു. ടാറ്റ സൺസിന്റെ തീരുമാനവും നിർബന്ധിത ലിസ്റ്റിങ് വ്യവസ്ഥകൾ പാലിക്കുന്നതുമായി ബന്ധപ്പെട്ട നിലപാടും ഡിസംബർ 12-നകം അറിയിക്കണമെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ നിർദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ബോർഡ് യോഗത്തിൽ പാസാക്കുന്ന ഏത് പ്രമേയവും ഹൈക്കോടതിയുടെ അന്തിമ ഉത്തരവിന് വിധേയമായിരിക്കുമെന്നും സാൽവെ വ്യക്തമാക്കി.
എന്നാൽ ആർബിഐയുടെ നിർദേശം ചൂണ്ടിക്കാട്ടി യോഗം അടിയന്തരമായി നടത്തേണ്ട സാഹചര്യമുണ്ടെന്ന പ്രതീതി സൃഷ്ടിക്കാനാണ് ടാറ്റ സൺസ് ശ്രമിക്കുന്നതെന്ന് എസ്ഡിടിടിക്കുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ അഭിഷേക് മനു സിങ്വി ആരോപിച്ചു. ആർബിഐ നിർദേശം യോഗം നടത്താനുള്ള അടിയന്തര സാഹചര്യം സൃഷ്ടിക്കുന്നതിനുള്ള തന്ത്രമാണെന്നും അദ്ദേഹം വാദിച്ചു.
ഹൈക്കോടതിയുടെ അന്തിമ തീർപ്പിന് വിധേയമായി ബോർഡ് യോഗം നടത്താമെന്ന ഉത്തരവോടെ ടാറ്റ സൺസിലെ നിർണായക ഭരണപരമായ തർക്കം കൂടുതൽ നിയമപോരാട്ടത്തിലേക്ക് നീങ്ങുകയാണ്.
