ഒമ്പത് മാസമായി ശമ്പളം ലഭിക്കാത്തതിനെത്തുടർന്ന് മാധ്യമം പത്രത്തിലെ ജീവനക്കാർ നടത്തുന്ന സമരം ഗുണ്ടകളെയും പൊലീസിനെയും ഉപയോഗിച്ച് തകർക്കാൻ മാനേജ്മെന്റ് ശ്രമിക്കുകയാണെന്ന് പത്രപ്രവർത്തക സംഘടനകളായ കെ.യു.ഡബ്ല്യു.ജെയും കെ.എൻ.ഇ.എഫും. കോഴിക്കോട് നടത്തിയ വാർത്താസമ്മേളനത്തിലാണ് സംഘടനാ നേതാക്കൾ മാനേജ്മെന്റിനെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചത്.
പത്രത്തിന്റെ അച്ചടി തടസ്സപ്പെട്ടെന്ന എഡിറ്ററുടെ വിശദീകരണം വ്യാജമാണെന്ന് നേതാക്കൾ പറഞ്ഞു. പത്രത്തിന്റെ അച്ചടിയോ വിതരണമോ തടസ്സപ്പെടുത്തില്ലെന്ന് തൊഴിലാളികൾ നേരത്തെ തന്നെ ഉറപ്പുനൽകിയിരുന്നു. സമരത്തിന് പിന്തുണയുമായി എത്തിയ നാട്ടുകാരെ നേരിടാൻ മാനേജ്മെന്റ് ഗുണ്ടകളെ ഇറക്കി പ്രകോപനം സൃഷ്ടിച്ചെന്നും സമാധാനപരമായി പ്രതിഷേധിച്ച നാട്ടുകാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയെന്നും അവർ ആരോപിച്ചു.
പ്രധാന കവാടത്തിലെ തടസ്സങ്ങൾ നീക്കിയതായി പൊലീസിനെ അറിയിച്ചിട്ടും ഒന്നര മണിക്കൂറിന് ശേഷമാണ് മറ്റൊരു പ്രസിൽ പത്രം അച്ചടിക്കാൻ മാനേജ്മെന്റ് തീരുമാനിച്ചതെന്നും നേതാക്കൾ ചൂണ്ടിക്കാട്ടി. ഇല്ലാത്ത കാരണങ്ങൾ ഉന്നയിച്ച് അച്ചടി നിർത്തിവെക്കുകയും അതിന്റെ ഉത്തരവാദിത്വം തൊഴിലാളികളുടെ തലയിൽ കെട്ടിവെക്കുകയുമാണ് മാനേജ്മെന്റിന്റെ ലക്ഷ്യമെന്നും അവർ ആരോപിച്ചു. സമരം ചെയ്യുന്ന ജീവനക്കാർക്കെതിരെ സൈബർ ആക്രമണം നടത്താനും നീക്കമുണ്ടെന്നും വാർത്താസമ്മേളനത്തിൽ പറഞ്ഞു.
തൊഴിലാളികളുടെ അവകാശങ്ങൾ പുറത്തുനിന്നുള്ള സ്വാധീനങ്ങൾ ഉപയോഗിച്ച് ഇല്ലാതാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും സംഘടനാ നേതാക്കൾ കുറ്റപ്പെടുത്തി. വോട്ട് ബാങ്ക് രാഷ്ട്രീയത്തിനപ്പുറം മനുഷ്യത്വപരമായി ചിന്തിച്ച് ശമ്പള കുടിശ്ശിക ഉൾപ്പെടെയുള്ള വിഷയങ്ങളിൽ തൊഴിലാളികൾക്ക് നീതി ഉറപ്പാക്കാൻ ഭരണാധികാരികൾ തയ്യാറാകണമെന്നും അവർ ആവശ്യപ്പെട്ടു.
മാധ്യമത്തിന്റെ 40 വർഷത്തെ ചരിത്രത്തിൽ ആദ്യമായാണ് കഴിഞ്ഞ ദിവസം പത്രത്തിന്റെ അച്ചടി മുടങ്ങിയതെന്ന് എഡിറ്റർ നേരത്തെ ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കിയിരുന്നു. സമരക്കാരുടെ ഉപരോധവും പ്രതിഷേധവുമാണ് അച്ചടി തടസ്സപ്പെടാൻ കാരണമെന്നായിരുന്നു എഡിറ്ററുടെ വിശദീകരണം. എന്നാൽ, ഈ വാദം തള്ളിയാണ് പത്രപ്രവർത്തക സംഘടനകൾ രംഗത്തെത്തിയത്.
കെ.യു.ഡബ്ല്യു.ജെ സംസ്ഥാന പ്രസിഡന്റ് കെ.പി. റെജി, ജില്ലാ പ്രസിഡന്റ് ഇ.പി. മുഹമ്മദ്, എം. ഫിറോസ്ഖാൻ, മാധ്യമം യൂണിയൻ ഭാരവാഹികളായ എം. സുൽഹഫ്, ടി. നിഷാദ്, ഹാരിസ് വേങ്ങേരി, എം. കുഞ്ഞാപ്പ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
