‘പി.എം ശ്രീയിൽ ഒപ്പിട്ടത് അബദ്ധമെന്ന് പറയാനാകില്ല’; സിപിഐയുടെയും ടി.പി. രാമകൃഷ്ണന്റെയും നിലപാട് തള്ളി വി. ശിവൻകുട്ടി

പി.എം ശ്രീ പദ്ധതിയിൽ ഒപ്പിട്ടത് അബദ്ധമായിരുന്നുവെന്ന സിപിഐയുടെയും എൽഡിഎഫ് കൺവീനർ ടി.പി. രാമകൃഷ്ണന്റെയും പ്രസ്താവന തള്ളി മുൻ പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. ധാരണാപത്രത്തിൽ ഒപ്പിട്ടത് അബദ്ധമായിരുന്നുവെന്ന് പറയുന്നത് ശരിയല്ലെന്ന് അദ്ദേഹം വ്യക്തമാക്കി. പദ്ധതിയിൽ ഒപ്പിടേണ്ടി വന്ന സാഹചര്യം നേരത്തെ തന്നെ വിശദീകരിച്ചിട്ടുണ്ടെന്നും ഇക്കാര്യത്തിൽ തന്റെ നിലപാട് പലതവണ വ്യക്തമാക്കിയതാണെന്നും ശിവൻകുട്ടി പറഞ്ഞു.

പ്രത്യേക സാഹചര്യത്തിലാണ് പി.എം ശ്രീ പദ്ധതി നടപ്പാക്കുന്നതിനുള്ള ധാരണാപത്രത്തിൽ ഒപ്പുവെച്ചതെന്ന് അദ്ദേഹം വിശദീകരിച്ചു. കോടിക്കണക്കിന് രൂപയുടെ കേന്ദ്രഫണ്ട് കേരളത്തിന് ലഭിക്കാത്ത സാഹചര്യം അന്നുണ്ടായിരുന്നു. ഈ പശ്ചാത്തലത്തിലാണ് ധാരണാപത്രത്തിൽ ഒപ്പിടാൻ തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു.

ധാരണാപത്രത്തിൽ ഒപ്പിടുന്നതുമായി ബന്ധപ്പെട്ട് ആവശ്യമായ കൂടിയാലോചനകൾ നടന്നില്ലെന്നത് ശരിയാണ്. എന്നാൽ പദ്ധതിയെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ മനസ്സിലാക്കിയ ശേഷമാണ് അതിൽനിന്ന് പിന്മാറിയതെന്നും ശിവൻകുട്ടി വ്യക്തമാക്കി. അതിനാൽ അബദ്ധത്തിൽ ഒപ്പിട്ടതാണെന്ന വ്യാഖ്യാനം അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മറുപടി രേഖപ്പെടുത്തുക