മുഖ്യമന്ത്രി വി.ഡി. സതീശന്റെ കണ്ണൂരിലെ വിവാദ പ്രസംഗത്തിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. സർക്കാർ അധികാരത്തിലെത്തിയത് പ്രതികാരം ചെയ്യാനാണോയെന്ന് അദ്ദേഹം ചോദിച്ചു. കേരളത്തിന്റെ മുഖ്യമന്ത്രി തന്നെ പ്രതികാരദാഹിയായി മാറുന്ന സാഹചര്യമാണുള്ളതെന്നും പിണറായി കുറ്റപ്പെടുത്തി. വാർത്താസമ്മേളനത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
കഴിഞ്ഞ 20ന് കണ്ണൂർ ടൗൺ സ്ക്വയറിൽ നടന്ന പൊതുയോഗത്തിലായിരുന്നു യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ ചോരയ്ക്ക് പകരം ചോദിക്കുമെന്ന തരത്തിൽ വി.ഡി. സതീശൻ പ്രസംഗിച്ചത്. ഭരണഘടനയെ സാക്ഷിയാക്കി സത്യപ്രതിജ്ഞ ചെയ്ത മുഖ്യമന്ത്രിയാണ് ഇത്തരത്തിൽ പ്രകോപനപരമായ പ്രസംഗം നടത്തുന്നതെന്ന് പിണറായി വിജയൻ ചൂണ്ടിക്കാട്ടി.
സർക്കാർ എല്ലാവരുടേതുമാണ്. അധികാരത്തിലെത്തിയ ശേഷം പ്രതികാര നടപടികൾ സ്വീകരിക്കുകയല്ല മുഖ്യമന്ത്രിയുടെ ഉത്തരവാദിത്വമെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ പ്രസംഗം സത്യപ്രതിജ്ഞാ ലംഘനത്തിന് തുല്യമാണെന്നും പിണറായി ആരോപിച്ചു.
മുഖ്യമന്ത്രിയുടെ വിവാദ പ്രസംഗം ഭൂരിഭാഗം മാധ്യമങ്ങളും വാർത്തയാക്കിയില്ലെന്നും അദ്ദേഹം വിമർശിച്ചു. സംസ്ഥാനത്തിന്റെ ഭരണസംവിധാനത്തിന്റെ തലപ്പത്തിരിക്കുന്നയാളുടെ ഭാഗത്തുനിന്ന് ഇത്തരം സമീപനമുണ്ടാകുന്നത് ഗൗരവകരമാണ്. ‘സംസ്ഥാനത്തിന്റെ മോന്തായം വളഞ്ഞിരിക്കുന്നു’ എന്നായിരുന്നു പിണറായി വിജയന്റെ പരിഹാസം.
