മണ്ഡല പുനർനിർണയ ബില്ലിൽ നിലപാട് മാറ്റം; അമിത് ഷായുമായി കൂടിക്കാഴ്ചയ്ക്ക് ഡിഎംകെ നേതാക്കൾ

മണ്ഡല പുനർനിർണയ ബില്ലിനെ പിന്തുണയ്ക്കാനുള്ള നിലപാട് പ്രഖ്യാപിച്ചതിന് പിന്നാലെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്താനൊരുങ്ങി ഡിഎംകെ നേതാക്കൾ. കനിമൊഴി, ടി.ആർ. ബാലു, എ. രാജ, ദയാനിധി മാരൻ എന്നിവരടങ്ങുന്ന സംഘം അമിത് ഷായെ കാണുമെന്നാണ് റിപ്പോർട്ടുകൾ. ബില്ലുമായി ബന്ധപ്പെട്ട് തമിഴ്‌നാടിന്റെ താൽപ്പര്യങ്ങളും സംസ്ഥാനത്തിന്റെ പാർലമെന്ററി പ്രാതിനിധ്യവും ചർച്ചയായേക്കും.

നേരത്തെ മണ്ഡല പുനർനിർണയ ബില്ലിനെ പിന്തുണയ്ക്കാൻ ഡിഎംകെ തീരുമാനിച്ചിരുന്നു. തമിഴ്‌നാടിന്റെ താൽപ്പര്യങ്ങൾ സംരക്ഷിക്കപ്പെടുമെന്നും സംസ്ഥാനത്തിന്റെ പ്രാതിനിധ്യത്തിൽ കുറവുണ്ടാകില്ലെന്നും മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ വ്യക്തമാക്കിയിരുന്നു. 50 ശതമാനം സീറ്റ് വർധനവ് അംഗീകരിക്കുന്നതായും പാർട്ടി നേതാവ് എ. രാജ എം.പിയും അറിയിച്ചിരുന്നു.

അതേസമയം, മണ്ഡല പുനർനിർണയം നീതിയുക്തമായിരിക്കണമെന്നും നിലവിലുള്ള 7.18 ശതമാനം സീറ്റ് അനുപാതം നിലനിർത്തണമെന്നും ഡിഎംകെ ആവശ്യപ്പെടുന്നുണ്ട്. ലോക്‌സഭാ സീറ്റുകൾ 50 ശതമാനം വർധിപ്പിക്കുമ്പോൾ തമിഴ്‌നാടിന്റെ പ്രാതിനിധ്യത്തിൽ 7.21 ശതമാനം വർധനവുണ്ടാകുമെന്നാണ് എ. രാജ ചൂണ്ടിക്കാട്ടിയത്.

ബില്ലിനെ പിന്തുണയ്ക്കാനുള്ള തീരുമാനത്തിനൊപ്പം സംസ്ഥാനത്തിന്റെ രാഷ്ട്രീയ പ്രാതിനിധ്യം ഉറപ്പാക്കണമെന്ന ആവശ്യവും ഡിഎംകെ മുന്നോട്ടുവെക്കുന്നുണ്ട്. അമിത് ഷായുമായുള്ള കൂടിക്കാഴ്ചയിൽ ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത തേടുമെന്നാണ് സൂചന.

മറുപടി രേഖപ്പെടുത്തുക