പുതിയ ഡാം അനുവദിക്കില്ല, മുല്ലപ്പെരിയാറിൽ ജലനിരപ്പ് വർധിപ്പിക്കും; ബജറ്റിൽ തമിഴ്നാടിന്റെ നിലപാട് ആവർത്തിച്ച് വിജയ് സർക്കാർ

മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയർത്തുന്നതിനുള്ള നടപടികളുമായി മുന്നോട്ടുപോകുമെന്ന് തമിഴ്നാട് സർക്കാർ പ്രഖ്യാപിച്ചു. സംസ്ഥാന ബജറ്റ് അവതരണത്തിനിടെയാണ് ധനമന്ത്രി മാരി വൽസൻ ഇക്കാര്യം വ്യക്തമാക്കിയത്. കാവേരി നദീജല തർക്കത്തിൽ തമിഴ്നാടിന് അർഹമായ ജലം ഉറപ്പാക്കുമെന്നും, മേക്കേദാട്ട് അണക്കെട്ട് പദ്ധതിയെ എതിർക്കുന്നത് തുടരുമെന്നും ബജറ്റിൽ വ്യക്തമാക്കുന്നു.

നിലവിൽ മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 136 അടിയാണ്. ജലദൗർലഭ്യം പരിഹരിക്കുന്നതിനും ജലസംഭരണ ശേഷി വർധിപ്പിക്കുന്നതിനുമുള്ള നടപടികളുടെ ഭാഗമായാണ് ജലനിരപ്പ് ഉയർത്തുമെന്ന പ്രഖ്യാപനം വന്നിരിക്കുന്നത്.

മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് അനുവദിക്കില്ലെന്ന നിലപാട് തമിഴ്നാട് സർക്കാർ നേരത്തേ നിയമസഭയിലെ നയപ്രഖ്യാപനത്തിലൂടെ വ്യക്തമാക്കിയിരുന്നു. അതിന് പിന്നാലെയാണ് ജലനിരപ്പ് ഉയർത്തുമെന്ന പുതിയ പ്രഖ്യാപനവും വന്നിരിക്കുന്നത്.

ഇതിനിടെ, മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സമഗ്ര സുരക്ഷാ പരിശോധനയ്ക്കായി രൂപീകരിച്ച സമിതിയുമായി ബന്ധപ്പെട്ട വിവാദവും തുടരുകയാണ്. ഈ വർഷം ജനുവരിയിൽ രൂപീകരിച്ച സമിതിയിൽ കേരളം നിർദേശിച്ച വിദഗ്ധനായ ടി.കെ. ശിവരാജനെ കേന്ദ്ര സർക്കാർ ഒഴിവാക്കിയതിനെതിരെ പ്രതിഷേധം ഉയർന്നിരുന്നു. തുടർന്ന് കേരളത്തിന്റെ ശുപാർശ പരിഗണിച്ച് അശുതോഷ് ഡാഷിനെ സമിതിയിൽ ഉൾപ്പെടുത്തി.

സുപ്രീം കോടതി നിർദേശപ്രകാരം രൂപീകരിച്ച സമഗ്ര സുരക്ഷാ പരിശോധനാ സമിതിക്ക് മുൻ എൻ.എച്ച്.പി.സി ചെയർമാനും മാനേജിങ് ഡയറക്ടറുമായ ബൽരാജ് ജോഷിയാണ് നേതൃത്വം നൽകുന്നത്. മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സുരക്ഷയും ഭാവി പരിപാലനവുമായി ബന്ധപ്പെട്ട നിർണായക വിലയിരുത്തലുകളാണ് സമിതി നടത്തുന്നത്.

മറുപടി രേഖപ്പെടുത്തുക