നടി തൃഷയെ സംബന്ധിച്ച വിവാദ പരാമർശത്തെ തുടർന്ന് ഡി.എം.കെ നേതാവും തമിഴ്നാട്ടിലെ പ്രതിപക്ഷ നേതാവുമായ ഉദയനിധി സ്റ്റാലിനെ അറസ്റ്റ് ചെയ്ത നടപടിയെ പിന്തുണച്ച് നടിയും ബി.ജെ.പി എം.പിയുമായ കങ്കണ റണൗട്ട് രംഗത്തെത്തി. പൊതുവേദികളിലെ അശ്ലീലവും ദ്വയാർഥപ്രയോഗങ്ങളുമുള്ള പരാമർശങ്ങൾ അംഗീകരിക്കാനാകില്ലെന്നും ഉദയനിധിയുടെ അറസ്റ്റ് ഭാവിയിലേക്കുള്ള നല്ലൊരു മുന്നറിയിപ്പാണെന്നും കങ്കണ അഭിപ്രായപ്പെട്ടു.
ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയായിരുന്നു കങ്കണയുടെ പ്രതികരണം. “പൊതുവേദിയിൽ അശ്ലീല അധിക്ഷേപങ്ങളും ദ്വയാർഥ പ്രയോഗങ്ങളും നടത്തുന്നത് പരിഷ്കൃത സമൂഹത്തിന് ചേർന്നതല്ല. മിസ്റ്റർ സ്റ്റാലിനെ ജയിലിലടച്ചു. അദ്ദേഹം ഇപ്പോൾ ജാമ്യത്തിൽ ഇറങ്ങിയിട്ടുണ്ടാവാം. എങ്കിലും അറസ്റ്റ് നല്ലൊരു കീഴ്വഴക്കമാണ്,” എന്നാണ് കങ്കണ കുറിച്ചത്.
കാവേരി നദീജല തർക്കവുമായി ബന്ധപ്പെട്ട് തഞ്ചാവൂരിൽ നടന്ന ഡി.എം.കെ പ്രതിഷേധ പരിപാടിക്കിടെയായിരുന്നു ഉദയനിധിയുടെ വിവാദ പരാമർശം. തമിഴ്നാട് മുഖ്യമന്ത്രിയുംടിവികേ നേതാവുമായ വിജയിയെ വിമർശിച്ച് സംസാരിക്കുന്നതിനിടെ സദസ്സിൽ നിന്ന് ചിലർ നടി തൃഷയുടെ പേര് വിളിച്ചുപറയുകയായിരുന്നു. തുടർന്ന് ഉദയനിധി നടത്തിയ പരാമർശം തൃഷയെ അധിക്ഷേപിക്കുന്നതും അശ്ലീല ചുവയുള്ളതുമാണെന്ന് ആരോപിച്ച് വ്യാപക പ്രതിഷേധം ഉയർന്നു.
സംഭവം രാഷ്ട്രീയ വിവാദമായി മാറിയതോടെ ഉദയനിധിക്കെതിരെ പരാതി ഉയരുകയും നിയമനടപടികൾ ആരംഭിക്കുകയും ചെയ്തു. വിഷയത്തിൽ തമിഴ്നാട്ടിലെ രാഷ്ട്രീയ രംഗത്ത് വാക്പോരും പ്രതിഷേധങ്ങളും തുടരുകയാണ്.
