കോൺഗ്രസിലെ സംഘടനാ പ്രശ്നങ്ങളിൽ ഉടൻ ഇടപെടില്ല; നിലവിലെ നേതൃത്വത്തിന്റെ നിർദേശങ്ങൾ പാലിക്കണമെന്ന് ഹൈക്കമാൻഡ്

കേരളത്തിലെ കോൺഗ്രസിലെ സംഘടനാ പ്രശ്നങ്ങളിൽ ഉടൻ ഇടപെടേണ്ടതില്ലെന്ന് ഹൈക്കമാൻഡ് തീരുമാനം. നിലവിലെ സംസ്ഥാന നേതൃത്വം നൽകുന്ന നിർദേശങ്ങൾ എല്ലാവരും പാലിക്കണമെന്നാണ് ദേശീയ നേതൃത്വത്തിന്റെ കർശന ആഹ്വാനം. പാർട്ടിക്കുള്ളിലെ വിവാദങ്ങളിൽ നേതാക്കളും പ്രവർത്തകരും അനാവശ്യ പരസ്യപ്രതികരണങ്ങൾ നടത്തരുതെന്നും കെപിസിസി അധ്യക്ഷനെച്ചൊല്ലിയുള്ള ചർച്ചകൾ അവസാനിപ്പിക്കണമെന്നും ഹൈക്കമാൻഡ് നിർദേശിച്ചു.

എല്ലാ വിഭാഗങ്ങളെയും ഒരുമിച്ചുനിർത്തി പാർട്ടിയെ മുന്നോട്ടുകൊണ്ടുപോകാൻ കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫിനും ദേശീയ നേതൃത്വം നിർദേശം നൽകിയിട്ടുണ്ട്. പ്രധാനപ്പെട്ട തീരുമാനങ്ങൾ കൈക്കൊള്ളുമ്പോൾ എല്ലാവരുമായും കൂടിയാലോചിക്കണമെന്നും ഹൈക്കമാൻഡ് ആവശ്യപ്പെട്ടിട്ടുണ്ട്.

അതിനിടെ, കോൺഗ്രസിലെ വിവാദങ്ങൾക്കിടെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഡൽഹിയിലുണ്ട്. ഡൽഹിയിലെത്തിയ സണ്ണി ജോസഫ് എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ, ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എന്നിവരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

മറുപടി രേഖപ്പെടുത്തുക