വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖവുമായി ബന്ധപ്പെട്ട് എംഎസ്‌സി കമ്പനിക്കുള്ള ഓഹരി കൈമാറ്റ വിഷയത്തിൽ അദാനി ഗ്രൂപ്പിനോട് അതൃപ്തി അറിയിച്ചെന്ന മുഖ്യമന്ത്രിയുടെ നിയമസഭാ പരാമർശത്തെ ചോദ്യം ചെയ്യുന്ന വിവരങ്ങളാണ് വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടിയിൽ പുറത്തുവന്നിരിക്കുന്നത്. ഓഹരി കൈമാറ്റവുമായി ബന്ധപ്പെട്ട് അദാനി ഗ്രൂപ്പിന് സർക്കാർ രേഖാമൂലം യാതൊരു നോട്ടീസും നൽകിയിട്ടില്ലെന്നാണ് തുറമുഖ വകുപ്പ് വ്യക്തമാക്കിയിരിക്കുന്നത്.
കരാർ ലംഘനം ചൂണ്ടിക്കാട്ടി അദാനി ഗ്രൂപ്പിന് വിശദീകരണ കത്തോ കാരണം കാണിക്കൽ നോട്ടീസോ നൽകിയിട്ടുണ്ടോ എന്ന ചോദ്യത്തിനാണ് വിവരാവകാശ അപേക്ഷയ്ക്ക് മറുപടിയായി ഇക്കാര്യം അറിയിച്ചത്. ഇതോടെ വിഷയത്തിൽ സർക്കാർ സ്വീകരിച്ച നിലപാടിനെക്കുറിച്ച് പുതിയ ചർച്ചകൾ ഉയരുകയാണ്.
ഓഹരി കൈമാറ്റവുമായി ബന്ധപ്പെട്ട് അദാനി ഗ്രൂപ്പ് വാർത്താമാധ്യമങ്ങളിലൂടെ പ്രഖ്യാപനം നടത്തുന്നതിന് മുമ്പ് സംസ്ഥാന സർക്കാരിന്റെയോ തുറമുഖ വകുപ്പിന്റെയോ മുൻകൂർ അനുമതി തേടി അപേക്ഷ നൽകിയിരുന്നോ എന്ന ചോദ്യത്തിനും തുറമുഖ വകുപ്പ് മറുപടി നൽകിയിട്ടുണ്ട്. ഓഹരി കൈമാറ്റ പ്രഖ്യാപനത്തിന് മുമ്പ് അദാനി ഗ്രൂപ്പ് സർക്കാരിനോ തുറമുഖ വകുപ്പിനോ മുൻകൂർ അനുമതി തേടി യാതൊരു അപേക്ഷയും സമർപ്പിച്ചിട്ടില്ലെന്നാണ് മറുപടിയിൽ വ്യക്തമാക്കുന്നത്.
അതേസമയം, സർക്കാർ മുൻകൂർ അനുമതിയില്ലാതെ ഓഹരികൾ കൈമാറാൻ അദാനി ഗ്രൂപ്പിന് നിയമപരമായി അധികാരമുണ്ടോ, കരാറിലെ ഏത് വ്യവസ്ഥയാണ് മുൻകൂർ അനുമതി നിർബന്ധമാക്കുന്നതെന്ന ചോദ്യത്തിന്, കരാർ വ്യവസ്ഥകൾ പ്രകാരം ഓഹരി കൈമാറ്റത്തിന് സർക്കാരിന്റെ മുൻകൂർ അനുമതി ആവശ്യമാണ് എന്ന മറുപടിയാണ് വകുപ്പ് നൽകിയിരിക്കുന്നത്.
വിവരാവകാശ അപേക്ഷയുമായി ബന്ധപ്പെട്ട് തുറമുഖ വകുപ്പ് അണ്ടർ സെക്രട്ടറി ബിജി ജോസഫ് അപേക്ഷകനെ നേരിട്ട് ഫോണിൽ ബന്ധപ്പെടുകയും ചെയ്തതായി വിവരമുണ്ട്. ആവശ്യമായ ഫീസ് അടച്ചാൽ രേഖകൾ നൽകാമെന്ന് ആദ്യം അറിയിച്ചെങ്കിലും പിന്നീട് വിവരങ്ങൾ കൈമാറുന്നതിൽ അസൗകര്യമുണ്ടെന്ന് അറിയിച്ചതായും ആരോപണമുണ്ട്.
വിഴിഞ്ഞം തുറമുഖത്തിലെ അദാനി-എംഎസ്‌സി ഓഹരി കൈമാറ്റ നീക്കം സർക്കാർ മുൻകൂട്ടി അറിഞ്ഞിരുന്നില്ലെന്നും, മുൻകൂർ അനുമതിയില്ലാതെ നടത്തിയ നടപടിയിൽ അദാനി ഗ്രൂപ്പിനോട് അതൃപ്തി അറിയിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി നേരത്തെ നിയമസഭയിൽ വ്യക്തമാക്കിയിരുന്നു. എന്നാൽ വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടി പ്രകാരം രേഖാമൂലമുള്ള നോട്ടീസുകളോ വിശദീകരണം ആവശ്യപ്പെട്ട കത്തുകളോ നൽകിയിട്ടില്ലെന്നത് പുതിയ രാഷ്ട്രീയ വിവാദത്തിന് വഴിവെച്ചിരിക്കുകയാണ്.
