കേരളത്തിലെ പ്രതിപക്ഷം വികസന വിഷയങ്ങൾ ചർച്ച ചെയ്യാൻ താൽപര്യമില്ലെന്നും, വികസനം ചർച്ചയായാൽ അവർ പ്രതിസന്ധിയിലാകുമെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാസ്റ്റർ . അതിൽ നിന്ന് ശ്രദ്ധ തിരിക്കാനായി പ്രതിപക്ഷം കള്ളപ്രചാരണങ്ങളും ദിവസേന പുതിയ വിവാദങ്ങളും ഉയർത്തുന്നുവെന്നും, ഇത്തരത്തിലുള്ള വിവാദങ്ങൾക്ക് ദീർഘായുസ് ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
സി.പി.ഐ.എമ്മിൽ നിന്ന് മതന്യൂനപക്ഷങ്ങളെ അകറ്റാനുള്ള രാഷ്ട്രീയ ലക്ഷ്യമാണ് ഇത്തരം വിവാദങ്ങൾക്ക് പിന്നിലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ചില മാധ്യമങ്ങളും അതിന് കൂട്ടുനിൽക്കുന്നുണ്ടാകാമെങ്കിലും, ജനങ്ങളുടെ യഥാർത്ഥ അനുഭവം വ്യത്യസ്തമാണെന്നും അദ്ദേഹം പറഞ്ഞു. വർഗീയതയ്ക്കെതിരെ പതിറ്റാണ്ടുകളായി പോരാടുന്ന പാർട്ടിയാണ് സി.പി.ഐ.എം എന്നും, സംഘപരിവാർ ശക്തികളോട് നേരിട്ട് ഏറ്റുമുട്ടിയ ചരിത്രമാണ് കേരളത്തിലെ ഇടതുപക്ഷത്തിനുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഈ പോരാട്ടങ്ങളിൽ പാർട്ടിയുടെ നൂറുകണക്കിന് പ്രവർത്തകർ കൊല്ലപ്പെട്ടിട്ടുണ്ടെന്നും, അവ രാഷ്ട്രീയ വൈരാഗ്യം കൊണ്ടല്ല, ഭീതിസൃഷ്ടിയിലൂടെ പാർട്ടിയെ ദുർബലപ്പെടുത്താനുള്ള ശ്രമങ്ങളുടെ ഭാഗമായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു.
ഇടതുപക്ഷ ജനാധിപത്യ മുന്നണി (എൽഡിഎഫ്) കേരളത്തിൽ മൂന്നാം തവണയും അധികാരത്തിലെത്തുമെന്ന കാര്യത്തിൽ യാതൊരു സംശയവും ഇല്ലെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. മാധ്യമങ്ങൾ പറയുന്നതല്ല, മറിച്ച് ജനങ്ങളുടെ ജീവിതാനുഭവങ്ങളാണ് തിരഞ്ഞെടുപ്പിൽ നിർണായകമാകുന്നതെന്നും, എൽഡിഎഫിന്റെ വിജയം ഉറപ്പാണെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തിന്റെ പല ഭാഗങ്ങളിലും വർഗീയ സംഘർഷങ്ങളും അസ്ഥിരതയും നിലനിൽക്കുമ്പോൾ, കഴിഞ്ഞ പത്ത് വർഷമായി കേരളം സമാധാനപരമായ സാമൂഹിക അന്തരീക്ഷം നിലനിർത്തിയതായി അദ്ദേഹം ചൂണ്ടിക്കാട്ടി. മുനമ്പം വിഷയവും ഉൾപ്പെടെ പല പ്രശ്നങ്ങളും സമാധാനപരമായി കൈകാര്യം ചെയ്യാൻ സർക്കാരിന്റെ മതനിരപേക്ഷ നിലപാടുകളും ജനങ്ങളുടെ ബോധവുമാണ് സഹായിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.
