‘ജനാധിപത്യം അപകടത്തിൽ’; ചീഫ് ജസ്റ്റിസിന് ‘ഇന്ത്യ’ സഖ്യത്തിന്റെ കത്ത്

തിരഞ്ഞെടുപ്പ് പ്രക്രിയയിൽ ഗുരുതര ക്രമക്കേടുകൾ നടക്കുന്നുവെന്ന് ആരോപിച്ച് ‘ഇന്ത്യ’ സഖ്യം ചീഫ് ജസ്റ്റിസ് സൂര്യകാന്തിന് അയച്ച കത്തിന്റെ പൂർണരൂപം പുറത്തുവിട്ടു. ജുഡീഷ്യറി ഇത്തരം ആശങ്കകളിൽ ഇടപെടുന്നതിൽ പരാജയപ്പെട്ടാൽ അത് “റിപ്പബ്ലിക്കിന്റെ സമ്പൂർണ തകർച്ച”യിലേക്ക് നയിക്കുമെന്ന് കത്തിൽ മുന്നറിയിപ്പ് നൽകുന്നു.

23 പ്രതിപക്ഷ നേതാക്കളും ഒരു സ്വതന്ത്ര എംപിയും ഒപ്പുവെച്ച കത്തിൽ, തിരഞ്ഞെടുപ്പ് കമ്മീഷൻ ബിജെപിക്ക് അനുകൂലമായി പ്രവർത്തിക്കുന്നുവെന്ന ഗുരുതര ആരോപണവും ഉന്നയിക്കുന്നു. വോട്ടർ പട്ടിക പരിഷ്‌കരണത്തിന്റെ പേരിൽ നടപ്പാക്കുന്ന ‘സ്പെഷ്യൽ ഇന്റൻസീവ് റിവിഷൻ’ നടപടിയും ഇവിഎമ്മുകളുടെ വിശ്വാസ്യതയും സംബന്ധിച്ച് ആശങ്ക പ്രകടിപ്പിച്ച സഖ്യം, സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പ് ഉറപ്പാക്കാൻ കോടതിയുടെ ഇടപെടൽ ആവശ്യപ്പെട്ടു.

മല്ലികാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി, മമത ബാനർജി, അഖിലേഷ് യാദവ്, തേജസ്വി യാദവ്, സഞ്ജയ് സിംഗ് എന്നിവരടക്കമുള്ള നേതാക്കളാണ് കത്തിൽ ഒപ്പുവെച്ചിരിക്കുന്നത്.

മറുപടി രേഖപ്പെടുത്തുക