അദാനി കേരളത്തിലും സൂപ്പർ സർക്കാരോ? ; വിഴിഞ്ഞം ഓഹരി കൈമാറ്റം: സെബിക്ക്കത്തെഴുതി പിണറായി വിജയൻ;

വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട അദാനി ഗ്രൂപ്പിന്റെ ഓഹരി കൈമാറ്റ വിഷയത്തിൽ സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യക്ക്പരാതി നൽകി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. പൊതു താത്പര്യവും ദേശീയ സുരക്ഷയും ലംഘിച്ചാണ് ഓഹരി കൈമാറ്റ നടപടികൾ മുന്നോട്ടുപോയതെന്ന് ചൂണ്ടിക്കാട്ടിയാണ് സെബിക്ക് കത്തയച്ചത്.

ഓഹരി കൈമാറ്റത്തിന് സംസ്ഥാന സർക്കാരിന്റെ മുൻകൂർ അനുമതി ലഭിച്ചിരുന്നില്ലെന്ന കാര്യം അദാനി ഗ്രൂപ്പ് സെബിയെ അറിയിച്ചിട്ടില്ലെന്നും ഇത് ഗുരുതരമായ ചട്ടലംഘനമാണെന്നും പിണറായി വിജയൻ ആരോപിച്ചു. വിഷയത്തിൽ വിശദമായ അന്വേഷണം നടത്തി അദാനി ഗ്രൂപ്പിൽ നിന്ന് വിശദീകരണം തേടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സർക്കാരിന് വിവരം ഇല്ലായിരുന്നുവെന്ന വാദം വിശ്വസനീയമല്ലെന്നും അനുമതിയില്ലാതെ ഓഹരി കൈമാറ്റത്തിന് ശ്രമിച്ച സാഹചര്യത്തിൽ നിയമോപദേശം തേടുകയോ ആവശ്യമായ നിയമനടപടികൾ സ്വീകരിക്കുകയോ ചെയ്യുന്നതിൽ സർക്കാർ ജാഗ്രത കാട്ടുന്നില്ലെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.

കരാറുമായി ബന്ധപ്പെട്ട ഫയലുകൾ പരിശോധിക്കേണ്ട തുറമുഖം, നിയമം, ധനകാര്യം എന്നീ പ്രധാന വകുപ്പുകൾ മുഖ്യമന്ത്രിയുടെ നിയന്ത്രണത്തിലാണെന്നത് കൂടുതൽ സംശയങ്ങൾക്ക് ഇടയാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസ് നേതാവ് കെ.സി. വേണുഗോപാൽ നേരത്തെ ഉന്നയിച്ച പരാമർശം ചൂണ്ടിക്കാട്ടി, “അദാനി കേരളത്തിലും ഒരു സൂപ്പർ സർക്കാരായി മാറിയിരിക്കുകയാണോ?” എന്ന ചോദ്യവും പിണറായി വിജയൻ ഉയർത്തി.

മറുപടി രേഖപ്പെടുത്തുക