കേരളത്തിൽ അടുത്ത അഞ്ച് ദിവസവും വ്യാപകമായ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. ജൂലൈ 6-ന് കണ്ണൂർ, കാസർകോഡ് ജില്ലകളിലും ജൂലൈ 7-ന് കോഴിക്കോട്, കണ്ണൂർ, കാസർകോഡ് ജില്ലകളിലും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് പത്തനംതിട്ട മുതൽ കാസർകോഡ് വരെ 11 ജില്ലകളിൽ യെല്ലോ അലർട്ടും നിലവിലുണ്ട്.
മഴ ശക്തമാകുന്ന സാഹചര്യത്തിൽ ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിലെ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. അപകടസാധ്യതയുള്ള മേഖലകളിൽ താമസിക്കുന്നവർ ആവശ്യമായാൽ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറണമെന്നും നിർദേശം നൽകിയിട്ടുണ്ട്.
മഴ മുന്നറിയിപ്പ് പിൻവലിക്കുന്നതുവരെ വെള്ളച്ചാട്ടങ്ങൾ, മലയോര വിനോദസഞ്ചാര കേന്ദ്രങ്ങൾ എന്നിവിടങ്ങളിലേക്കുള്ള യാത്രകൾ ഒഴിവാക്കണം. പുഴകളിലും ജലാശയങ്ങളിലും ഇറങ്ങുന്നതും പാലങ്ങളിൽ നിന്ന് വെള്ളപ്പൊക്കം കാണുന്നതും സെൽഫി എടുക്കുന്നതും ഒഴിവാക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. അടിയന്തര സാഹചര്യങ്ങൾ നേരിടാൻ എല്ലാ ജില്ലകളിലും 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകൾ സജ്ജമാണെന്നും അധികൃതർ അറിയിച്ചു.
