കോണ്‍ഗ്രസില്‍ ഇപ്പോള്‍ നടക്കുന്നത് വിഭാഗീയ പ്രവര്‍ത്തനം; കെ സി വേണുഗോപാലിനെ എങ്ങനെ തള്ളിക്കളയാന്‍ പറ്റും: രാജ്‌മോഹൻ ഉണ്ണിത്താൻ

മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള തെരുവ് പ്രതിഷേധങ്ങൾ കോൺഗ്രസ് പ്രവർത്തകർ അവസാനിപ്പിക്കണമെന്ന് കോൺഗ്രസ് നേതാവ് രാജ്‌മോഹൻ ഉണ്ണിത്താൻ ആവശ്യപ്പെട്ടു. പാർട്ടിക്കുള്ളിൽ നടക്കുന്നത് വിഭാഗീയ പ്രവർത്തനങ്ങളാണെന്നും സംഘടനാ മര്യാദ പാലിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. “തീക്കൊള്ളികൊണ്ട് തല ചൊറിയരുത്” എന്ന മുന്നറിയിപ്പും അദ്ദേഹം നൽകി.

ഉമ്മൻചാണ്ടിയുടെ ഫ്‌ളക്‌സ് കീറിയവർ കോൺഗ്രസുകാരല്ലെന്നും രാജ്‌മോഹൻ ഉണ്ണിത്താൻ മാധ്യമങ്ങളോട് പ്രതികരിച്ചു. കെ.സി. വേണുഗോപാലിനൊപ്പം രാഹുൽ ഗാന്ധിയുടെ ചിത്രമുണ്ടായിരുന്നെങ്കിൽ അതും നശിപ്പിക്കപ്പെട്ടേനെയെന്നും അദ്ദേഹം പറഞ്ഞു. സംഘടനാ ജനറൽ സെക്രട്ടറിയായ കെ.സി. വേണുഗോപാലിനെ തള്ളിക്കളയാൻ എങ്ങനെ കഴിയുമെന്ന് അദ്ദേഹം ചോദിച്ചു.

കേരളത്തിലെ കോൺഗ്രസ് നേതാക്കൾ പലരും ഇപ്പോൾ മിണ്ടാതിരിക്കുകയാണെന്നും, സാമൂഹിക മാധ്യമങ്ങളിലെ ആക്രമണങ്ങളെ ഭയന്നാണ് അതെന്നും അദ്ദേഹം ആരോപിച്ചു. മുഖ്യമന്ത്രി സ്ഥാനത്തിനായി നേതാക്കൾക്ക് അവസാനം വരെ രാഷ്ട്രീയ പോരാട്ടം നടത്താമെങ്കിലും, അത് തെരുവ് യുദ്ധമായി മാറരുതെന്നും രാജ്‌മോഹൻ ഉണ്ണിത്താൻ കൂട്ടിച്ചേർത്തു. ഹൈക്കമാൻഡ് തീരുമാനം വന്നാൽ എതിര്‍ശബ്ദങ്ങൾ ഉയരില്ലെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രി സ്ഥാനത്തെ കുറിച്ച് അഭിപ്രായം പറയാൻ മുസ്ലിം ലീഗിനുൾപ്പെടെ എല്ലാവർക്കും അവകാശമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ആ അവകാശം നിഷേധിക്കാൻ ഒരു നേതാവിനും കഴിയില്ലെന്നും, ചിലരുടെ സമീപനത്തെ പരോക്ഷമായി വിമർശിച്ചും രാജ്‌മോഹൻ ഉണ്ണിത്താൻ പ്രതികരിച്ചു.

മറുപടി രേഖപ്പെടുത്തുക