തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ മുൻ എംഎൽഎ യു പ്രതിഭയെ രൂക്ഷമായി വിമർശിച്ച് വെള്ളാപ്പള്ളി നടേശൻ . മകനെതിരായ കഞ്ചാവ് കേസുമായി ബന്ധപ്പെട്ട വിവാദങ്ങൾ ജനങ്ങൾ ശ്രദ്ധിച്ചിരുന്നുവെന്നും അതിന്റെ പ്രതിഫലനമാണ് തെരഞ്ഞെടുപ്പ് ഫലമെന്നും അദ്ദേഹം പ്രതികരിച്ചു.
അധികാരത്തിന്റെ പിന്തുണ ഉപയോഗിച്ച് കേസുകളിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ചാലും ജനങ്ങൾക്ക് എല്ലാം അറിയാമെന്നും, അവസരം ലഭിച്ചപ്പോൾ വോട്ടർമാർ അതിന് മറുപടി നൽകിയെന്നും വെള്ളാപ്പള്ളി പറഞ്ഞു.
“പ്രതിഭയെ ഞാനാണ് തോൽപ്പിച്ചതെങ്കിൽ അത് എനിക്കൊരു പൊൻതൂവലാണ്. അങ്ങനെയാണെങ്കിൽ ആലപ്പുഴയിൽ സിപിഎമ്മിന്റെ നിരവധി സ്ഥാനാർഥികൾ തോറ്റതും എന്റെ കഴിവാണോ? അരൂരിലും കുട്ടനാട്ടിലും പാർട്ടി പരാജയപ്പെട്ടില്ലേ? ജി. സുധാകരനെ ജയിപ്പിച്ചതും ഞാനാണെന്ന് പിന്നെ പറയാത്തത് എന്തുകൊണ്ടാണ്?” എന്നും അദ്ദേഹം ചോദിച്ചു.
മകനെ ചുറ്റിപ്പറ്റിയ വിവാദങ്ങളെക്കുറിച്ച് ജനങ്ങൾക്ക് വ്യക്തമായ ധാരണയുണ്ടായിരുന്നുവെന്നും, അധികാര സ്വാധീനത്തിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ച സംഭവങ്ങളും ജനങ്ങൾ ശ്രദ്ധിച്ചിരുന്നുവെന്നും വെള്ളാപ്പള്ളി ആരോപിച്ചു. പാർലമെന്റ് തെരഞ്ഞെടുപ്പിൽ ബിജെപി വലിയ മുന്നേറ്റം നടത്തിയതും അദ്ദേഹം ചൂണ്ടിക്കാട്ടി.
തന്നെ വിമർശിക്കുന്നവർ സ്വന്തം പരാജയവും കഴിവുകേടും മറച്ചുവയ്ക്കാനാണ് ശ്രമിക്കുന്നതെന്നും, താൻ ഒരു രാഷ്ട്രീയ-സമുദായ പ്രവർത്തകനെന്ന നിലയിൽ അഭിപ്രായങ്ങൾ തുറന്നുപറയുന്നതിൽ തെറ്റില്ലെന്നും അദ്ദേഹം വ്യക്തമാക്കി. “എതിർക്കാനുള്ളവർ എതിർക്കട്ടെ, പക്ഷേ പറയാനുള്ള സ്വാതന്ത്ര്യം ഉണ്ടാകണം,” എന്നും വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു. കായംകുളത്തെ തോൽവിക്ക് പിന്നാലെ യു പ്രതിഭ അതൃപ്തി പരസ്യമാക്കിയിരുന്നു. വെള്ളാപ്പള്ളി തനിക്കെതിരെ പ്രവർത്തിച്ചുവെന്നും, എസ്എൻഡിപി വോട്ടുകളിൽ ചോർച്ച ഉണ്ടായെന്നുമാണ് അവർ ആരോപിച്ചത്.
