2021 മേയ് ഒന്നിന് രാജസ്ഥാനിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ ചിരഞ്ജീവി ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതി പ്രഖ്യാപിക്കുമ്പോള്‍ അവിടെ നിന്നുള്ള രാജ്യസഭാംഗമായിരുന്നു കെ.സി.വേണുഗോപാല്‍. ആരോ
ഗ്യരക്ഷാ രംഗത്ത് രാജ്യത്തിനു തന്നെ മാതൃകയായി മാറിയ ആ പദ്ധതിയുടെ മുന്‍നിരക്കാരിലൊരാളായിരുന്ന കെ.സി.വേണുഗോപാല്‍ ഇന്ന് ചിരഞ്ജീവി മോഡല്‍ ഉമ്മന്‍ചാണ്ടി ഇന്‍ഷൂറന്‍സ് പദ്ധതിയുമായി കേരളത്തിലെ വോട്ടര്‍മാര്‍ക്കു മുന്‍പിലെത്തുമ്പോള്‍ മലയാളികള്‍ക്ക് ഒരുകാര്യം ഉറപ്പിക്കാം: ഇനി കാന്‍സര്‍ വന്നാല്‍ ചികിത്സിച്ച് കടം കയറി കുടുംബം മുടിയില്ല.
കാന്‍സറിനു മാത്രമല്ല, ഹൃദയം, കിഡ്‌നി, കരള്‍ തുടങ്ങി ഏത് അവയവത്തെ ബാധിക്കുന്ന ഏത് മാരകരോഗത്തിനും ഇനി ഉമ്മന്‍ചാണ്ടിയുടെ സ്‌നേഹസ്മരണയുമായി യുഡിഎഫിന്റെ ഇന്‍ഷൂറന്‍സ് സംരക്ഷണമുണ്ട്-അതും 25 ലക്ഷം രൂപയുടെ ഫുള്‍ കവറേജ് കാഷ്‌ലെസ് ഇന്‍ഷൂറന്‍സ്. അതായത് ആശുപത്രിയില്‍ നയാപ്പൈസ കൊടുക്കേണ്ട, എല്ലാ ബില്ലുകളും സര്‍ക്കാര്‍ തന്നെ നേരിട്ട് അടയ്ക്കും-എത്ര വലിയ സ്വകാര്യ ആശുപത്രിയിലായാലും.
നിയമസഭാ തിരഞ്ഞെടുപ്പില്‍ കേരളത്തിലെ വോട്ടര്‍മാര്‍ക്ക് യുഡിഎഫ് നല്‍കുന്ന ഇന്ദിരാ ഗ്യാരണ്ടിയിലെ ഏറ്റവും പ്രധാനപ്പെട്ട ആകര്‍ഷണമാണ് 25 ലക്ഷം രൂപയുടെ ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതി. യുഡിഎഫ് അധികാരത്തിലെത്തുന്നതോടെ ഒട്ടും വൈകാതെ തന്നെ പദ്ധതി പ്രാബല്യത്തിലാവുമെന്ന് യുഡിഎഫ് നേതാക്കള്‍ വ്യക്തമാക്കിയിട്ടുണ്ട്.
രാഹുല്‍ ഗാന്ധി പ്രഖ്യാപിച്ച ഉമ്മന്‍ചാണ്ടി ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതിയെ കേരളത്തിന് പരിചയപ്പെടുത്തിക്കൊണ്ട് കെ.സി.വേണുഗോപാല്‍ പറഞ്ഞ വാക്കുകള്‍ വെറുമൊരു ഗ്യാരണ്ടിയായല്ല, ലക്ഷക്കണക്കിന് പാവപ്പെട്ട കുടുംബങ്ങളുടെ കണ്ണീരൊപ്പാനുള്ള തൂവാലയായാണ് കേരളം കാണുന്നത്.
‘ ഇന്ന് കേരളത്തിലെ സാധാരണക്കാരായ മനുഷ്യര്‍ നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നം ചികിത്സാച്ചെലവാണ്. വീട്ടിലാര്‍ക്കെങ്കിലും കാന്‍സര്‍ വന്നാല്‍, അല്ലെങ്കില്‍ ഹൃദയത്തിനോ കിഡ്‌നിയിലോ കരളിനോ എന്തെങ്കിലും അസുഖം വന്നാല്‍, ചികിത്സയുടെ ചിലവ് താങ്ങാനാവാതെ കിടപ്പാടം പോലും വിറ്റ് കുടുംബം കടക്കെണിയിലാവുന്ന സ്ഥിതിയാണ്. സര്‍ക്കാര്‍ ആശുപത്രികളുടെ നിലവാരം ഉയര്‍ത്തിയെന്നൊക്കെ പിണറായി സര്‍ക്കാര്‍ 10 വര്‍ഷമായി അവകാശപ്പെടുന്നുണ്ടെങ്കിലും മാരകരോഗങ്ങള്‍ വന്നാല്‍ വിദഗ്ധ ചികിത്സയ്ക്ക് ഇന്നും സ്വകാര്യ ആശുപത്രികള്‍ തന്നെയാണ് കേരളത്തിന് ആശ്രയം.
പക്ഷേ, സര്‍ക്കാരിന് കീഴിലുള്ള ഇന്‍ഷൂറന്‍സ് പദ്ധതികളൊന്നും കേരളത്തിലെ ഒട്ടുമിക്ക പ്രധാന സ്വകാര്യ ആശുപത്രികളിലുമില്ല. അതിന് പരിഹാരമായാണ് 25 ലക്ഷം രൂപയുടെ ഉമ്മന്‍ചാണ്ടി ഇന്‍ഷൂറന്‍സ് പദ്ധതി നടപ്പാക്കാന്‍ യുഡിഎഫ് ഒരുങ്ങുന്നത്’-പദ്ധതിയുടെ വിശദാംശങ്ങള്‍ പരിചയപ്പെടുത്തിക്കൊണ്ട് കെ.സി.വേണുഗോപാല്‍ പറഞ്ഞു.
ഹൃദയശസ്ത്രക്രിയ, കരളും വൃക്കയും ഉള്‍പ്പെടെയുള്ള അവയവങ്ങള്‍ മാറ്റിവെക്കുന്ന ശസ്ത്രക്രിയ തുടങ്ങി എല്ലാ അത്യാധുനിക വിദഗ്ധ ചികിത്സയ്ക്കും ഉമ്മന്‍ചാണ്ടി പദ്ധതി ബാധകമായിരിക്കും എന്നു മാത്രമല്ല, കേരളത്തിലെ എല്ലാ പ്രധാന സ്വകാര്യ ആശുപത്രികളെയും പദ്ധതിയില്‍ ഉള്‍പ്പെടുത്തുമെന്നും കെസി ഉറപ്പു നല്‍കുന്നുണ്ട്. മാത്രമല്ല, ചിരഞ്ജീവി പദ്ധതി നടപ്പാക്കുമ്പോള്‍ രാജസ്ഥാനിലെ മുഖ്യമന്ത്രിയായിരുന്ന മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അശോക് ഗെഹലോട്ട് കഴിഞ്ഞ ദിവസം കേരളത്തിലെത്തി പദ്ധതിയുടെ വിജയത്തിന്റെ സാക്ഷ്യപത്രം മലയാളികള്‍ക്കു മുന്‍പില്‍ അവതരിപ്പിക്കുകയും ചെയ്തു.
ഒരു കുടുംബത്തിന് കൊല്ലത്തില്‍ 5 ലക്ഷം രൂപയുടെ കവറേജുമായിട്ടായിരുന്നു രാജസ്ഥാനില്‍ ചിരഞ്ജീവി ഇന്‍ഷൂറന്‍സ് പദ്ധതിയുടെ തുടക്കം. പിന്നീട് ക്രമേണ ഇന്‍ഷൂറന്‍സ് കവറേജ് 25 ലക്ഷം രൂപ വരെയാക്കി ഉയര്‍ത്തി. അശോക് ഗെഹലോട്ടിനു ശേഷം രാജസ്ഥാനില്‍ അധികാരത്തിലെത്തിയ ബിജെപി സര്‍ക്കാരിനും കോണ്‍ഗ്രസിന്റെ ആ സ്വപ്‌ന പദ്ധതിയെ തൊടാനായില്ല. വെറും രണ്ടു വര്‍ഷം കൊണ്ടു തന്നെ അത്രയേറെ ജനപ്രിയമായിക്കഴിഞ്ഞിരുന്നു പദ്ധതി (പിന്നീട് മുഖ്യമന്ത്രി ആയുഷ്മാന്‍ ആരോഗ്യ യോജന എന്നു പദ്ധതിയുടെ പേരുമാറ്റി ആശ്വസിക്കുകയായിരുന്നു ബിജെപി).
സാധാരണക്കാരായ കുടുംബങ്ങള്‍ക്ക് വെറും ആധാര്‍ കാര്‍ഡ് മാത്രം ഹാജരാക്കി അംഗത്വമെടുക്കാവുന്ന ചിരഞ്ജീവി ഇന്‍ഷൂറന്‍സ് പദ്ധതി രാജസ്ഥാനില്‍ ഇതു വരെ 50 ലക്ഷത്തോളം രോഗികള്‍ക്ക് പ്രയോജനപ്പെട്ടിട്ടുണ്ട്. ആശുപത്രിയിലെ ചികിത്സയ്ക്ക് മാത്രമല്ല, ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നതിന് 5 ദിവസം മുന്‍പു മുതല്‍, ഡിസ്ചാര്‍ജ് ചെയ്ത് 15 ദിവസം വരെയുള്ള മരുന്നുകളുടെ വില കൂടി ഉള്‍പ്പെടുന്നതാണ് ചിരഞ്ജീവി പദ്ധതി. ഇതു കൂടാതെ 10 ലക്ഷം രൂപയുടെ ആക്‌സിഡന്റ് ഇന്‍ഷൂറന്‍സ് കവറേജുമുണ്ട്. താഴ്ന്ന വരുമാനക്കാര്‍ക്ക് പദ്ധതി തികച്ചും സൗജന്യമാണെന്ന് മാത്രമല്ല, നിശ്ചിത വരുമാനത്തിലധികമുള്ളവര്‍ക്കും പ്രതിവര്‍ഷം നിസ്സാര തുക അടച്ച് ഈ പദ്ധതിയില്‍ ചേരാം.
