കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പ് കാലത്ത് വൻ രാഷ്ട്രീയ കൊടുങ്കാറ്റ് ഉയർത്തിയ വടകര ‘കാഫിർ’ സ്ക്രീൻഷോട്ട് കേസ് അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച് സംസ്ഥാന ആഭ്യന്തര വകുപ്പ് ഉത്തരവിട്ടു. കോഴിക്കോട് റൂറൽ എസ്.പിയുടെ നേരിട്ടുള്ള മേൽനോട്ടത്തിലാണ് പുതിയ പ്രത്യേക സംഘം കേസ് അന്വേഷിക്കുക.
വിവാദ സ്ക്രീൻഷോട്ടിന്റെ യഥാർത്ഥ ഉറവിടം എവിടെ നിന്നാണ്?, ഇത് ആദ്യമായി നിർമ്മിച്ച് പ്രചരിപ്പിച്ചത് ആരാണ്? തുടങ്ങിയ സുപ്രധാന ചോദ്യങ്ങൾക്ക് കൃത്യമായ ഉത്തരം കണ്ടെത്തുകയാണ് ആഭ്യന്തര വകുപ്പ് രൂപീകരിച്ച പുതിയ എസ്.ഐ.ടിയുടെ ലക്ഷ്യം. കഴിഞ്ഞ എൽ.ഡി.എഫ് സർക്കാരിന്റെ കാലത്ത് കോഴിക്കോട് റൂറൽ പോലീസ് ഈ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിയിരുന്നുവെങ്കിലും വിവാദ സ്ക്രീൻഷോട്ടിന് പിന്നിൽ പ്രവർത്തിച്ച യഥാർത്ഥ പ്രതികളെ കണ്ടെത്താൻ സാധിച്ചിരുന്നില്ല.
ഈ സാഹചര്യത്തിൽ, കേസിന്റെ നിജസ്ഥിതി പുറത്തുകൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് കുറ്റ്യാടി എം.എൽ.എ പാറയ്ക്കൽ അബ്ദുള്ള മുഖ്യമന്ത്രി വി.ഡി. സതീശനും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്കും ഔദ്യോഗികമായി പരാതി നൽകിയിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് അടിയന്തരമായി എസ്.ഐ.ടി രൂപീകരിച്ച് അന്വേഷണം നടത്താൻ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഡി.ജി.പിക്ക് കർശന നിർദ്ദേശം നൽകിയത്.
കോഴിക്കോട് റൂറൽ എസ്.പിയുടെ മേൽനോട്ടത്തിൽ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ടി. മനോഹരൻ കേസിന്റെ നേരിട്ടുള്ള അന്വേഷണ ചുമതല നിർവ്വഹിക്കും. വടകര പോലീസ് സ്റ്റേഷനിലെ എസ്.എച്ച്.ഓ ഉൾപ്പെടെ സൈബർ വിദഗ്ദ്ധരായ ഏഴ് മുതിർന്ന പോലീസ് ഉദ്യോഗസ്ഥരാണ് പ്രത്യേക അന്വേഷണ സംഘത്തിലുള്ളത്.
