ബോളിവുഡിന്റെ ‘മിസ്റ്റർ പെർഫെക്ഷനിസ്റ്റ്’ ആമിർ ഖാൻ തന്റെ ജീവിതത്തിലെ പുതിയൊരു ഘട്ടത്തിലേക്ക് കടക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. തന്റെ ദീർഘകാല സുഹൃത്തും കാമുകിയുമായ ഗൗരി സ്പ്രാറ്റിനെ ആമിർ വിവാഹം കഴിക്കാൻ ഒരുങ്ങുന്നതായാണ് താരത്തോട് അടുത്ത വൃത്തങ്ങൾ സൂചന നൽകുന്നത്. ജൂലൈ 5-നായിരിക്കും ഇരുവരുടെയും വിവാഹമെന്നാണ് പുറത്തുവരുന്ന വിവരം.
ആഡംബര പൂർണ്ണമായ ചടങ്ങുകൾക്ക് പകരം കുടുംബാംഗങ്ങളുടെയും അടുത്ത സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ വീട്ടിൽ വെച്ച് നടക്കുന്ന ലളിതമായ രജിസ്റ്റർ വിവാഹത്തിലൂടെയായിരിക്കും ഇരുവരും ഒന്നിക്കുക. സിനിമാ മേഖലയിലുള്ളവർക്കായി വലിയ രീതിയിലുള്ള വിവാഹ സൽക്കാരങ്ങൾ ഒന്നും തന്നെ നിലവിൽ പ്ലാൻ ചെയ്തിട്ടില്ലെന്നാണ് വിവരം. എന്നാൽ വിവാഹം സംബന്ധിച്ച് ആമിർ ഖാന്റെ ഭാഗത്തുനിന്നും ഔദ്യോഗിക പ്രഖ്യാപനങ്ങൾ ഒന്നും ഇതുവരെ ഉണ്ടായിട്ടില്ല.
ഏഴ് വയസ്സുള്ള ഒരു മകന്റെ അമ്മയായ ഗൗരി സ്പ്രാറ്റും ആമിർ ഖാനും തമ്മിൽ കഴിഞ്ഞ 25 വർഷമായി അടുത്ത സുഹൃത്തുക്കളായിരുന്നു. കഴിഞ്ഞ വർഷം മാർച്ചിൽ തന്റെ 60-ാം ജന്മദിനാഘോഷത്തിനിടെയാണ് ആമിർ ഖാൻ ഗൗരിയെ ആദ്യമായി മാധ്യമങ്ങൾക്ക് മുന്നിൽ പരിചയപ്പെടുത്തിയത്.
ജന്മദിനത്തോടനുബന്ധിച്ച് മാധ്യമങ്ങളുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കിടയിൽ താൻ വീണ്ടും പ്രണയത്തിലാണെന്ന സുപ്രധാന വിവരം താരം പങ്കുവെച്ചിരുന്നു. വർഷങ്ങളായുള്ള തങ്ങളുടെ ആഴത്തിലുള്ള സൗഹൃദമാണ് അടുത്ത കാലത്തായി പ്രണയത്തിലേക്ക് വഴിമാറിയതെന്ന് പങ്കാളിയെ മനോഹരമായി അഭിനന്ദിച്ചുകൊണ്ട് ആമിർ അന്ന് വ്യക്തമാക്കിയിരുന്നു. പ്രണയം വെളിപ്പെടുത്തിയതിന് പിന്നാലെ പല പൊതുവേദികളിലും ഇരുവരും ഒരുമിച്ച് പ്രത്യക്ഷപ്പെടാറുണ്ട്.
ഇത് മൂന്നാം തവണയാണ് ആമിർ ഖാൻ വിവാഹിതനാകാൻ ഒരുങ്ങുന്നത്. ആമിറിന്റെ ആദ്യ ഭാര്യ റീന ദത്തയായിരുന്നു. ഈ ബന്ധത്തിൽ ജുനൈദ്, ഇറ ഖാൻ എന്നിങ്ങനെ രണ്ട് മക്കളുണ്ട്. നീണ്ട നാളത്തെ ദാമ്പത്യത്തിനൊടുവിൽ 2002-ലാണ് ആമിറും റീനയും വേർപിരിഞ്ഞത്.
പിന്നീട് 2005-ൽ കിരൺ റാവുവിനെ താരം രണ്ടാമത് വിവാഹം കഴിച്ചു. ഈ ബന്ധത്തിൽ ആസാദ് റാവു ഖാൻ എന്നൊരു മകനുണ്ട്. എന്നാൽ 16 വർഷത്തെ ദാമ്പത്യജീവിതം അവസാനിപ്പിച്ചുകൊണ്ട് 2021-ൽ ആമിറും കിരണും പരസ്പര സമ്മതത്തോടെ വിവാഹമോചിതരാവുകയായിരുന്നു. 60-ാം വയസ്സിൽ ജീവിതത്തിലേക്ക് കടന്നുവരുന്ന പുതിയ പങ്കാളിക്കൊപ്പമുള്ള ആമിറിന്റെ രണ്ടാം ഇന്നിങ്സിനായി ഏറെ ആകാംക്ഷയോടെയാണ് ബോളിവുഡ് ലോകവും ആരാധകരും കാത്തിരിക്കുന്നത്.
