തമിഴ് നടൻ അജിത് കുമാർ ഉടമസ്ഥതയിലുള്ള അജിത് കുമാർ റേസിംഗ് ടീം, 24H സീരീസ് GT3 പ്രോ-ആം മത്സരത്തിൽ ബെൽജിയത്തിലെ ഐതിഹാസികമായ സർക്യൂട്ട് ഡി സ്പാ-ഫ്രാങ്കോർചാംപ്സ് ട്രാക്കിൽ രണ്ടാം സ്ഥാനം നേടി രാജ്യത്തിന് അഭിമാനമായി.
“ഒരു ബില്യൺ സ്വപ്നങ്ങൾ വഹിച്ചുകൊണ്ട് മഹത്വത്തിലേക്കുള്ള റേസിംഗ്. GT3 പ്രോ-ആം വിഭാഗത്തിൽ P2 ഫിനിഷ് — അഭിനിവേശം, ധൈര്യം, ദൃഢനിശ്ചയം എന്നിവയ്ക്ക് അതിരുകളില്ലെന്ന് തെളിയിച്ച നിമിഷം.”- സന്തോഷവാർത്ത പങ്കുവെച്ച് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ X-ൽ ടീം കുറിച്ചു.
ടീം പോഡിയം ഫിനിഷ് നേടിയതിന്റെ ചിത്രങ്ങളും, അജിത് കുമാറും സംഘവും പോഡിയത്തിൽ നിൽക്കുന്ന വീഡിയോയും പങ്കുവെച്ചിട്ടുണ്ട്. സ്പാ-ഫ്രാങ്കോർചാംപ്സിൽ ഈ ടീം പോഡിയം നേടുന്നത് ഇതാദ്യമല്ലെന്നതും ശ്രദ്ധേയമാണ്.
മത്സരത്തിന് മുന്നോടിയായി അജിത് കുമാർ ബെൽജിയത്തിലെത്തി പരിശീലനങ്ങളിൽ പങ്കെടുത്തിരുന്നു. കഴിഞ്ഞ ആഴ്ചകളിലായി ടീമിന്റെ തയ്യാറെടുപ്പുകൾ സോഷ്യൽ മീഡിയ വഴി സ്ഥിരമായി പങ്കുവെച്ചിരുന്നു.
കഴിഞ്ഞ വർഷവും ഇതേ ട്രാക്കിൽ നടന്ന ക്രെവെന്റിക് എൻഡുറൻസ് റേസിൽ പോർഷെ 992 GT3 കപ്പ് വിഭാഗത്തിൽ ടീം രണ്ടാം സ്ഥാനം നേടിയിരുന്നു. അതോടൊപ്പം, ദുബായ് ഓട്ടോഡ്രോമിൽ മൂന്നാം സ്ഥാനവും, ഇറ്റലിയിലെ മുഗെല്ലോ സർക്യൂട്ടിൽ മൂന്നാം സ്ഥാനവും നേടി ടീം സ്ഥിരതയാർന്ന പ്രകടനം കാഴ്ചവെച്ചിരുന്നു.
