വിവാഹച്ചെലവുകൾ മൂലം കുടുംബങ്ങൾ കടക്കെണിയിലാകുന്നത് ഒഴിവാക്കാൻ ആഡംബര വിവാഹവിരുന്നുകൾക്കെതിരെ കർശന നടപടിയുമായി കർണാടകയിലെ ഷിമോഗ ജില്ലയിലെ ചില ഗ്രാമങ്ങൾ. വിപുലമായ മാംസാഹാര വിരുന്ന് സംഘടിപ്പിക്കുന്ന കുടുംബങ്ങൾക്ക് ഒരു ലക്ഷം രൂപ വരെയും വിരുന്നിൽ പങ്കെടുക്കുന്ന അതിഥികൾക്ക് 50,000 രൂപ വരെയും പിഴ ചുമത്താനാണ് ഗ്രാമങ്ങളുടെ തീരുമാനം. വരൾച്ചയും പണപ്പെരുപ്പവും കാർഷിക വരുമാനത്തിലെ ഇടിവും മൂലം കുടുംബങ്ങൾ നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയാണ് ഇത്തരമൊരു തീരുമാനത്തിന് പിന്നിൽ.
കർണാടകയിലെ ചില ഗ്രാമങ്ങളിൽ വിവാഹശേഷം വധുവിന്റെ കുടുംബം ബന്ധുക്കളെയും സുഹൃത്തുക്കളെയും ഗ്രാമവാസികളെയും ക്ഷണിച്ച് നടത്തുന്ന പരമ്പരാഗത മാംസാഹാരവിരുന്നാണ് ‘ബീഗർ ഊട്ട’. നിരവധി ആടുകളെ അറുത്ത് വിപുലമായ സദ്യ ഒരുക്കുന്നതാണ് ഈ ചടങ്ങിന്റെ രീതി. കുടുംബബന്ധങ്ങളും സമുദായ കൂട്ടായ്മയും ആഘോഷിക്കുന്നതിന്റെ ഭാഗമായാണ് വിരുന്ന് നടത്തിവരുന്നത്.
എന്നാൽ കാർഷിക വരുമാനം കുറഞ്ഞതോടെ നിരവധി കർഷക കുടുംബങ്ങൾക്ക് ഇത്തരം ചടങ്ങുകളുടെ ചെലവ് താങ്ങാനാകാത്ത സാഹചര്യമുണ്ടായതായി ഗ്രാമവാസികൾ പറയുന്നു. സാമ്പത്തികമായി മുന്നിലുള്ള കുടുംബങ്ങൾ നിരവധി ആടുകളെ വാങ്ങി വിരുന്ന് നടത്തുമ്പോൾ, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് രണ്ടോ മൂന്നോ ആടുകളെ വാങ്ങാൻ പോലും ബുദ്ധിമുട്ടുണ്ടാകുന്നുവെന്നാണ് അവരുടെ വിശദീകരണം.
സമൂഹത്തിന്റെ സമ്മർദം കാരണം കുടുംബങ്ങൾ വിരുന്ന് സംഘടിപ്പിക്കാൻ നിർബന്ധിതരാകുന്നുവെന്നും ഇതിലൂടെ ഉണ്ടാകുന്ന കടം വീട്ടാൻ മാസങ്ങളോ വർഷങ്ങളോ വേണ്ടിവരുന്നുവെന്നും ഗ്രാമവാസികൾ ചൂണ്ടിക്കാട്ടുന്നു. വിവാഹത്തിന് മാത്രമല്ല, നിശ്ചയച്ചടങ്ങിന്റെ സമയത്തും ഇത്തരം മാംസാഹാരവിരുന്നുകൾ നടത്തരുതെന്നും തീരുമാനിച്ചിട്ടുണ്ട്.
ആഡംബരച്ചെലവുകൾ നിയന്ത്രിച്ച് സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളുടെ ബാധ്യത കുറയ്ക്കുകയാണ് തീരുമാനത്തിന്റെ ലക്ഷ്യമെന്നാണ് ഗ്രാമവാസികൾ വ്യക്തമാക്കുന്നത്.
