നേമത്തെ മദ്യവിതരണമെന്ന ആരോപണം പച്ചക്കള്ളം; ശിവൻ കുട്ടിക്ക് തോൽക്കാൻ പോകുന്നതിന്റെ നിരാശ: രാജീവ് ചന്ദ്രശേഖർ

നേമം മണ്ഡലത്തിൽ ബിജെപി പണവും മദ്യവും വ്യാപകമായി വിതരണം ചെയ്യുന്നതായി ഉയർന്ന ആരോപണങ്ങൾക്ക് മറുപടി നൽകി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. മദ്യവിതരണവുമായി ബന്ധപ്പെട്ട ആരോപണങ്ങൾ പൂർണമായും അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം പറഞ്ഞു. ഓരോ ദിവസവും പുതിയ ആരോപണങ്ങൾ ഉണ്ടാക്കി മുന്നോട്ട് വയ്ക്കുകയാണെന്നും അദ്ദേഹം വിമർശിച്ചു.

ശിവൻകുട്ടി വർഷങ്ങളായി എംഎൽഎയായിരിക്കെ പറയാൻ വികസന നേട്ടങ്ങളൊന്നുമില്ലെന്നും രാജീവ് ചന്ദ്രശേഖർ കുറ്റപ്പെടുത്തി. കഴിഞ്ഞ ദിവസം “ഡീൽ” ആരോപണം ഉയർത്തിയതും അതിന്റെ ഭാഗമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. പണം വിതരണം ചെയ്തതായി ആരോപിക്കുന്നവർക്ക് തെളിവുണ്ടെങ്കിൽ പൊലീസിൽ പരാതി നൽകണമെന്നും അദ്ദേഹം വെല്ലുവിളിച്ചു.

തിരഞ്ഞെടുപ്പിൽ തോൽവി നേരിടേണ്ടി വരുമെന്ന ആശങ്കയാണ് ശിവൻകുട്ടിയുടെ ഇത്തരം ആരോപണങ്ങൾക്ക് കാരണമെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. കൂടുതൽ ബാർ ലൈസൻസുകൾ അനുവദിച്ചത് ഏത് സർക്കാരാണെന്ന് ചോദിച്ചും അദ്ദേഹം വിമർശനം ഉന്നയിച്ചു. ആരോപണങ്ങൾ പച്ചക്കള്ളമാണെന്ന് അദ്ദേഹം വീണ്ടും ആവർത്തിച്ചു.

മറുപടി രേഖപ്പെടുത്തുക