ഇന്ത്യൻ ഭൂമിയിൽ നേപ്പാളും അതിക്രമിച്ചു കയറി; നേപ്പാൾ പ്രധാനമന്ത്രിയുടെ പാർലമെന്റിലെ വെളിപ്പെടുത്തൽ

ഇന്ത്യയുമായുള്ള അതിർത്തി തർക്കത്തിൽ നേപ്പാൾ പാർലമെന്റിൽ അസാധാരണ പരാമർശവുമായി പ്രധാനമന്ത്രി ബലേന്ദ്ര ഷാ. ഇന്ത്യ നേപ്പാൾ അതിർത്തി കൈയേറിയെന്ന് മാത്രമല്ല, നേപ്പാളും ഇന്ത്യൻ പ്രദേശങ്ങളിൽ ഒന്നിലധികം സ്ഥലങ്ങളിൽ അതിക്രമിച്ചു കയറിയിട്ടുണ്ടെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവന രാജ്യത്ത് വലിയ രാഷ്ട്രീയ കൊടുങ്കാറ്റിന് കാരണമായിരിക്കുകയാണ്.

പ്രതിപക്ഷ പാർട്ടികളുടെ കടുത്ത സമ്മർദ്ദങ്ങൾക്കിടയിലും സാധാരണയായി പാർലമെന്റിനെ അഭിസംബോധന ചെയ്യുന്നത് ഒഴിവാക്കാറുള്ള പ്രധാനമന്ത്രി ഷാ, ഇത്തവണ നിയമസഭാംഗങ്ങളുടെ ചോദ്യങ്ങൾക്ക് നേരിട്ട് ഉത്തരം നൽകാൻ എത്തിയപ്പോഴാണ് വിവാദ പരാമർശം നടത്തിയത്.

തർക്കപ്രദേശങ്ങളായ ലിംപിയാധുര, ലിപുലെക്, കാലാപാനി മേഖലകളിൽ ഇന്ത്യ കൈയേറ്റം നടത്തുന്നുവെന്ന ആരോപണത്തെക്കുറിച്ചുള്ള ചോദ്യത്തോടായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം. പതിറ്റാണ്ടുകളായി ഈ മേഖല ഇന്ത്യയുടെ നിയന്ത്രണത്തിലാണെങ്കിലും ഇരുരാജ്യങ്ങളും ഇതിൽ പരമാധികാരം അവകാശപ്പെടുന്നുണ്ട്.

“പ്രധാനമന്ത്രിയായതിനുശേഷം ഞാൻ മനസ്സിലാക്കിയ ഒരു കാര്യം, ഇന്ത്യ നേപ്പാളിന്റെ ഭൂമിയിൽ മാത്രമല്ല അതിക്രമിച്ചു കയറിയിട്ടുള്ളത്; നേപ്പാളും ഇന്ത്യയുടെ ഭൂമിയിൽ ചിലയിടങ്ങളിൽ അതിക്രമിച്ചു കയറിയിട്ടുണ്ട്. ഇരുവിഭാഗവും ഒരുമിച്ചിരുന്ന് ഈ വിഷയം കൃത്യമായി പരിശോധിക്കേണ്ടതുണ്ട്.”

എന്നാൽ, ഇന്ത്യൻ ഭൂമിയിൽ നേപ്പാൾ എവിടെയാണ് അതിക്രമിച്ചു കയറിയതെന്ന് വ്യക്തമാക്കാൻ പ്രധാനമന്ത്രി തയ്യാറായില്ല. ഇതോടെ, പ്രധാനമന്ത്രിയുടെ പ്രസ്താവനയ്‌ക്കെതിരെ പ്രതിപക്ഷ നേതാക്കൾ ഉടൻ തന്നെ രം​ഗത്തെത്തുകയും കൃത്യമായ വിശദീകരണം ആവശ്യപ്പെടുകയും ചെയ്തു. രാജ്യത്തിന് അപകീർത്തിയുണ്ടാക്കുന്ന പ്രധാനമന്ത്രിയുടെ ഈ പരാമർശം പാർലമെന്റ് രേഖകളിൽ നിന്ന് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ചില നിയമസഭാംഗങ്ങൾ സ്പീക്കർ ഡി.പി. ആര്യലിനെ സമീപിച്ചിട്ടുണ്ട്.

തർക്കപ്രദേശമായ ലിപുലെക് വഴി കൈലാസ് മാനസരോവറിലേക്ക് തീർത്ഥാടകരെ കടത്തിവിടാനുള്ള ഇന്ത്യ-ചൈന കരാറിനെക്കുറിച്ച് നേപ്പാൾ ഇതിനകം തന്നെ ഇന്ത്യയ്ക്ക് ഔദ്യോഗിക നയതന്ത്ര കുറിപ്പ് അയച്ചിട്ടുണ്ടെന്നും അതിന് മറുപടി ലഭിച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

ചരിത്രകാരന്മാർ, സർവേയർമാർ, വിദഗ്ധർ എന്നിവരടങ്ങുന്ന പ്രത്യേക സമിതികൾ ഇരു സർക്കാരുകളും രൂപീകരിക്കുമെന്നും ഉഭയകക്ഷി ചർച്ചകളിലൂടെ പ്രശ്നത്തിന് പരിഹാരം കാണുമെന്നുമാണ് ഇന്ത്യയുടെ മറുപടിയിലുള്ളതെന്ന് ഷാ പാർലമെന്റിനെ അറിയിച്ചു.

ഇന്ത്യയുമായുള്ള അതിർത്തി തർക്കത്തിൽ ചൈനയ്ക്ക് പുറമെ യുകെ സർക്കാരുമായും നയതന്ത്ര ചർച്ചകൾ നടത്തിവരികയാണെന്ന് നേപ്പാൾ ആദ്യമായി പരസ്യമായി സമ്മതിച്ചു. ബ്രിട്ടീഷ് ഇന്ത്യ ഈ മേഖല വിട്ടുപോയ കാലഘട്ടം മുതലുള്ള അതിർത്തി പ്രശ്നമായതിനാൽ യുകെയും ഈ വിഷയത്തിൽ താല്പര്യം കാണിക്കണമെന്നാണ് നേപ്പാളിന്റെ നിലപാട്.

മറുപടി രേഖപ്പെടുത്തുക